Reports
- Details
- Category: Reports
അതു സംഭവിച്ചു കഴിഞ്ഞു; വളരെ ശാന്തമായി. UK യിലെ മലയാളം എഴുത്തുകാരെ പരസ്പരം പരിചയപ്പെടാൻ ഒരുക്കിയ വേദിയിൽ അൻപതോളം പേർ എത്തിയിരുന്നു. 300 മൈലുകൾക്കുമപ്പുറത്തു നിന്നു പോലും ഈ ശീതകാലത്തു ഇവിടെ എത്തിയവരുടെ ഉള്ളിലെ ചൂടും അർപ്പണ ബോധവും സംഘടകരെ അമ്പരപ്പിച്ചു കളഞ്ഞു. ഇരുപതോളം (40%) വനിതാ എഴുത്തുകാർ പങ്കെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
എഴുത്തുകാർ എന്തിന് ഒത്തു കൂടണം എന്ന പ്രാഥമിക ചോദ്യം ഇവിടെ പ്രസക്തമാണ്. അറിവിന്റെ വിന്യാസമാണ് എഴുത്തുകാർ ചെയ്യുന്നതെങ്കിൽ, അതു കൂടുതൽ ഫലപ്രദമായി ചെയ്യുക എന്നതു തന്നെയാണ് എഴുത്തിലേർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും നിരന്തരം ചെയ്യേണ്ടത്. അത്തരത്തിലുള്ള പ്രക്രിയയിൽ നിരന്തരമായ അറിവു സമ്പാദനം തന്നെയാണ് അവശ്യമായ പ്രാഥമിക ഘടകവും. ചുറ്റുപാടുമുള്ള ചലനങ്ങൾ നിരീക്ഷിക്കുമ്പോഴും, സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കു ചെവിയോർക്കുമ്പോഴും, സ്വന്തം അനുഭവങ്ങളെ വിശകലനം ചെയ്യമ്പോഴും, മറ്റുള്ളവരുടെ രചനകൾ പഠന വിഷയമാക്കുമ്പോഴും യഥാർഥത്തിൽ സംഭവിക്കുന്നത് ഇതു തന്നെയാണ്. രചനയിൽ നിന്നും മികച്ച രചനയിലേക്കുള്ള ദൂരം കുറയ്ക്കാനുള്ള ഓർമ്മപ്പെടുത്തലായിരുന്നു അടിസ്ഥാനപരമായി ഈ ഒത്തു ചേരലിന്റെ ലക്ഷ്യം. നിലവാരമുള്ള വിമർശനം തന്നെയാണ് അതിനുള്ള (ഗുണ നിലവാരം ഉയർത്താനുള്ള) മാർഗമെന്നും, അന്തസ്സോടുകൂടി നടത്തുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യാനുള്ള ആർജ്ജവം എഴുത്തുകാർക്ക് ഉണ്ടായിരിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഒത്തുചേരലിന്റെ ലക്ഷ്യം.
കേരളത്തിലെ ചിത്രകലാ ചരിത്ര പഠനത്തെപ്പറ്റി Dr. കവിത ബാലകൃഷ്ണന്റെ പ്രഭാഷണം, കേരള ചിത്രകലയിൽ രവി വർമ്മയുടെ സ്ഥാനം, അതിനു ശേഷമുണ്ടായ വഴിത്തിരിവുകൾ, ലോക ചിത്രകലയിലെ മാറ്റങ്ങൾ, ചിത്രകലയിൽ വാണിജ്യ-സാമ്പത്തിക താല്പര്യങ്ങൾ വരുത്തിയ മാറ്റങ്ങൾ ഒക്കെ വിഷയീഭവിച്ചു.
ഉച്ച കഴിഞ്ഞുള്ള വേളയിൽ പരിചയപ്പെടലും അതെ തുടർന്നു ചർച്ചയും ഉണ്ടായിരുന്നു. എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധത, എഴുത്തോ കഴുത്തോ എന്ന ചോദ്യം, സർഗ്ഗ രചനയിലൂടെ പരോക്ഷമായി സാമൂഹിക വിമർശനം നടത്താനുള്ള എഴുത്തുകാരുടെ സൗകര്യം, ആത്മാന്വേഷണത്തിലേക്കു എത്തിച്ചേരുന്ന സർഗ്ഗധനരായ എഴുത്തുകാർ, വനിതാ എഴുത്തുകാർക്ക് സമൂഹം കൽപ്പിച്ചു നൽകുന്ന വിലക്കുകൾ ഇവയൊക്കെ ചർച്ച ചെയ്യപ്പെട്ടു. കവിത ബാലകൃഷ്ണൻ തന്റെ കവിതകൾ വായിച്ചു. MAUK ഡയറക്ടർ അനിൽകുമാർ ഇടവന സ്വാഗതവും, മുരളീ മുകുന്ദൻ നന്ദിയും പറഞ്ഞു.
- Details
- Category: Reports

മാനവികത എന്ന വിശാലതയിൽ മലയാളിത്തം എന്ന സ്വാർത്ഥത (സ്വകാര്യത) എവിടെ കൊണ്ടു വയ്ക്കും എന്നതായിരുന്നു ചർച്ചകൾക്ക് അവസാനം ഉരുത്തിരിഞ്ഞ ചോദ്യം.
തുറന്ന ചർച്ചകളുടെ ഉദ്ദേശം പൊതുവായ ഉത്തരങ്ങൾ കണ്ടെത്തുക എന്നതല്ല എന്ന ധാരണയോടാണ് 'മലയാളിത്തവും മാനവികതയും' എന്ന വിഷയത്തെപ്പറ്റി ഹയ്സിൽ വച്ച് ചർച്ച തുടങ്ങിയത്. ചിന്തയെ ഉണർത്തുകയും, ആശയങ്ങൾ കൈമാറുകയും അതുവഴി ഓരോ വ്യക്തിയും തനിക്കു വേണ്ട ഉത്തരം (വേണമെങ്കിൽ മാത്രം) സ്വയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുകയുമാണ് വേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ധാരണ. മലയാളം മിഷന്റെ UK യിലെ പ്രവർത്തനോദ്ഘാടനം നടന്ന പശ്ചാത്തലത്തിൽ, ഭാഷയിലൂടെ സംസ്കാരത്തിലേക്കും മറ്റു പലതിലേക്കും എത്തിച്ചേരാനുള്ള ഈ തുടക്കത്തിന്റെ വേളയിൽ, ഈ ചർച്ച ഏറെ പ്രസക്തമായിരുന്നു.
സമഷ്ടിയുടെ അവിഭാജ്യമായ ഘടകമാണ് വ്യഷ്ടി. സമഷ്ടി എന്നതിന്റെ നിർവചന വ്യാപ്തി തന്റെ വീടും, നാടും, ഭൂഖണ്ഡവും കടന്നു പ്രപഞ്ചമായി മാറുമ്പോൾ മാനവികത അതിന്റെ പൂർണതയിൽ എത്തുന്നു. അപ്പോൾ പിന്നെ മലയാളിയും ബംഗാളിയും ഇല്ല, ആണും പെണ്ണും ഇല്ല, മലയാളവും ഇംഗ്ലീഷും ഇല്ല, പുട്ടും ബിരിയാണിയും ഇല്ല, മുണ്ടും ട്രൗസറും ഇല്ല, നരനും നായയും ഇല്ല.
പുതിയ തലമുറ (കുട്ടികൾ) 'നമ്മുടെ നാടിന്റെ' സംസ്ക്കാരം അറിഞ്ഞിരിക്കണം, അതു പാലിക്കണം എന്നു മുതിർന്ന തലമുറ ആഗ്രഹിക്കുന്നു. 'നമ്മുടെ നാട്' ഏതാണ്? ജനിച്ചു വളർന്നതോ, അതോ പുലർന്നു പോകുന്നതോ?. ജനിച്ചു വളർന്നതാണെങ്കിൽ, പുതിയ തലമുറയിൽ പലരുടെയും ജന്മനാട് കേരളമല്ല. സംസ്കാരം എന്നത് സ്ഥിരമായ ഒന്നല്ല. അത് ചലനമുള്ളതാണ്. എന്റെ അച്ഛൻ മലയാളിയുടെ സംസ്കാരം എന്നു പറഞ്ഞിരുന്നതല്ല ഞാൻ പറയുന്ന മലയാളി സംസ്കാരം. ഇരുപതു വർഷം എനിക്കു പിന്നിൽ പിറന്ന വ്യക്തിയുടെ മനസ്സിലെ 'മലയാളി സംസ്കാരം' മറ്റെന്തോ ആണ്. അപ്പോൾ മലയാളി സംസ്കാരം എന്നുദ്ദേശിക്കുന്നതിൽ പൊതുവായ എന്തെങ്കിലും ഉണ്ടോ? അത് മൂല്യങ്ങളോ, ആചാരങ്ങളോ, പെരുമാറ്റ രീതികളോ, വിശ്വാസങ്ങളോ, ഭക്ഷണമോ, വസ്ത്രമോ, ഭാഷയോ അഥവാ ഇതെല്ലം കൂടി ചേർന്നതോ ആവാം. അങ്ങിനെ ഒന്നുണ്ടെങ്കിൽ അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെ ആവണം ആ 'സംരക്ഷണം'?
എന്തുകൊണ്ടാണ് മുതിർന്നവർ ഇങ്ങനെ ഒരു ആഗ്രഹം കുട്ടികളുടെ പുറത്തു വച്ചുകെട്ടുന്നത്? (സ്വന്തം) ഭാവിയെപ്പറ്റിയുള്ള ആശങ്ക കൊണ്ടാണോ? ഭയം കൊണ്ടാണോ? സ്വന്തം ബലഹീനത കൊണ്ടാണോ?
വീക്ഷണം വിശാലമാവുമ്പോൾ, എന്തായാലും കുഴപ്പമില്ല എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായി സ്വീകരിക്കുന്നത് അധിനിവേശത്തിലൂടെ കടന്നു വന്ന ഭാഷയും സംസ്കാരവും ആയിത്തീരും. അതു അധിനിവേശത്തെയും, പ്രബലന്റെ ചൂഷണത്തെയും പരോക്ഷമായി ശരി വയ്ക്കുകയല്ലേ ചെയ്യുന്നത്? അങ്ങിനെ വരുമ്പോൾ ഇത്തരം വിശാല വീക്ഷണം അപകടകരമല്ലേ?
ഒരു ഭാഷ മരിക്കുമ്പോൾ, അതിലൂടെ തലമുറകളായി കൈമാറിവന്ന അറിവുകൾ, നാട്ടറിവുകൾ ഒക്കെ നശിക്കുന്നു. അതുകൊണ്ടു ഭാഷകൾ സജീവമായിരിക്കേണ്ടത് ആവശ്യമല്ലേ?
ഭാഷാപഠനം പ്രസക്തമാണെന്ന് തോന്നുന്ന തരത്തിലും, കുട്ടികൾ ഉൾപ്പടെ ഉള്ള പഠിതാക്കൾക്ക് ആസ്വാദ്യകരമാകുന്ന തരത്തിലും, സാങ്കേതികയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും പഠന സമ്പ്രദായം മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മലയാള ഭാഷ പഠിക്കുന്നത് എന്തിനാണ്? സാമ്പത്തികമായി അത് ഗുണം ചെയ്യുമോ എന്നതാണ് ബഹു
ഭൂരിപക്ഷത്തിന്റെയും ചിന്ത. ആധുനിക കാലഘട്ടത്തിൽ, എന്തിനെയും ഏതിനെയും സാമ്പത്തിക അളവുകോലുകൊണ്ടു അളക്കുമ്പോൾ ഈ ചിന്ത സ്വാഭാവികമാണ്. മലയാള ഭാഷാ പഠനം വ്യാപകമാക്കാൻ, ഭാഷയുടെ 'ഡിമാൻഡ്' കൂട്ടാൻ മാർഗ്ഗം ഇത് തന്നെ യാണ് - മലയാളം പഠിക്കുന്നതുകൊണ്ടു സാമ്പത്തിക നേട്ടം ഉൾപ്പടെയുള്ള പ്രത്യക്ഷമായ പ്രയോജനങ്ങൾ ഉണ്ടാകുന്ന അവസ്ഥ കൈവരിക്കുക.
- Details
- Category: Reports
മൂന്നു മണിക്കൂർ ഒരു മഹാ നദി പോലെ സദസ്യരെയും വഹിച്ചുകൊണ്ട് ഒഴുകുകയായിരുന്നു പോളി വർഗീസ് എന്ന ബഹു മുഖ പ്രതിഭ. മോഹന വീണയിൽ അപാരമായ വൈദഗ്ധ്യത്തോടെ നാദങ്ങൾ ഉതിർത്തപ്പോൾ, അതിൽ ഇഴുകിച്ചേർന്നിരുന്ന ഭാവങ്ങൾ അനുഭൂതി ഉണർത്താൻ പോരുന്നതായിരുന്നു. ഹിന്ദുസ്ഥാനിയും, രവീന്ദ്ര ഗീതവും, ബൗൽ സംഗ്ഗീതവും, കബീർ ഗീതവും, സൂഫി സംഗീതവും സദസ്യരെ പരിചയപ്പെടുത്തി കൊണ്ടാണ് ആ പ്രവാഹം കടന്നു പോയത്. ഒടുവിൽ മലയാളത്തിന്റെ സ്നേഹ ഗായകന്റെ "സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി" (കരുണ) എന്ന വരികളിൽ അത് അവസാനിക്കുമ്പോൾ സദസ്യർ ഒന്നടങ്കം പറഞ്ഞു "ഗംഭീരം". സംഗീതം മാത്രമായിരുന്നില്ല അവതരിപ്പിക്കപ്പെട്ടത്, കവിതയും, തത്ത്വ ചിന്തയും, ചരിത്രവും, ജീവിത രീതികളും, മനുഷ്യാവസ്ഥകളും ഒക്കെ അനാവരണം ചെയ്യപ്പെട്ട സംഭാഷണത്തിൽ ഏറെ കൗതുകം ഉണർത്തിയ ഒന്നാണ് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമായി ബംഗാളിൽ ജീവിച്ചിരുന്ന, രബീന്ദ്രനാഥ് ടാഗോറിനെ വളരെ ഏറെ സ്വാധീനിച്ച, ബംഗാളിന്റെ പിൽക്കാല പുരോഗമന ചിന്തകൾക്ക് വിത്ത് പാകിയ ലാലാൻ ഫാക്കിർ എന്ന തത്ത്വ ചിന്തകന്റെ ജീവിത കഥ. അദ്ദേഹത്തിന്റെ ഒരു ബൗൽ ഗീതം ആശയം വിശദീകരിച്ചു കൊണ്ട് ആലപിച്ചത് അവിസ്മരണീയമായ ഒരനുഭവം ആയിരുന്നു.
പോളി വർഗീസ് ഒന്നിൽ കൂടുതൽ തവണ പറഞ്ഞു "ഞാൻ എന്നെ നിങ്ങൾക്കു തരികയാണ്, ഞാൻ എന്നെ നിങ്ങള്ക്ക് ഷെയർ ചെയ്യുകയാണ്" പറഞ്ഞത് പരമാർദ്ധമായിരുന്നു. അനർഗ്ഗളമായി ഒഴുകിയ ആ പ്രവാഹത്തിന് നന്ദി.
(Report on performance by Poly Varghese - 20.08.2017 - Kerala house)
- Details
- Category: Reports

വാക്കുകൾക്കു രൂപമുണ്ട്, ഭാവമുണ്ട്, നിറവുമുണ്ട്. അക്ഷരക്കൂട്ടത്തിന് അപ്പുറത്തുള്ള ഇത്തരം മാനങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത് കാല ദേശങ്ങളുടെ പ്രവർത്തനത്തിലൂടെയാണ്. ജലവും, വെള്ളവും ഒരേ വസ്തുവിനെ ചൂണ്ടി കാണിക്കുന്നു. എങ്കിലും കവിക്ക് അത് രണ്ടും രണ്ടാണ്. 'ആലപ്പുഴ വെള്ളം' എന്ന കവിതയിലൂടെ അനിത തമ്പി ഇത് വ്യക്തമാക്കുന്നു. ഇന്നലെ നടന്ന കട്ടൻകാപ്പിയുടെ ഗ്രീക്ഷ്മ സംഗമത്തിൽ അതിഥിയായി എത്തിയ അനിത തമ്പി ഞങ്ങൾക്കായി കവിതകൾ വായിച്ചു. പിറവി, മമൊഹീതോ പാട്ട്, ആലപ്പുഴ വെള്ളം, ഒടുവിൽ, പ്രേതം, അങ്ങിനെ പോയവൻ. കവി തന്നെ കവിതയുടെ പശ്ചാത്തലം വിശദീകരിച്ചത് കവിതയുടെ ആത്മാവിലേക്കുള്ള യാത്ര സുഗമമാക്കി. സന്തോഷിനും, ദീപയ്കും, KALA യ്കും നന്ദി.
- വസന്തോത്സവം 2017 - report
- ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!
- ശരത് സംഗമം 2016 - report
- സച്ചിദാനന്ദന്റെ കൃതികളിലൂടെ
- ജനകീയമായ മണിമുഴക്കങ്ങൾ - Report
- Report Stevenage 10.10.2015
- കണ്ണൂർ ഷെരിഫിന്റെ 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' - report
- പി. സുജാതനുമായി ഒരു സായാഹ്നം
- Kattankaappi May 2014 Session at Croydon - report
- Kattankaapppiyum Kavithayum – 2013 report
- വീണ്ടും രസാലങ്ങൾ പൂക്കുമോ..report
- Evening with Sreekumaran Thampi

