Blog
- Details
- Written by: Priyavrathan Sathyavrathan
- Category: Blog

സിസിലി ആന്റി എന്നു ഞങ്ങൾ വിളിച്ചിരുന്ന സിസിലി ജോർജ് ഇന്നലെ യാത്രയായി. എഴുത്തും, ചിത്ര രചനയും, എംബ്രോയിഡറിയും, നൃത്തവും, അഭിനയവും ഒക്ക്കെ വഴങ്ങിയിരുന്ന ആന്റി, കട്ടൻകാപ്പിയും കവിതയും കൂട്ടായ്മയുടെ സജീവ സാന്നിദ്ധ്യമായിരുന്നു. തികഞ്ഞ കലാകാരിയും, കലാസ്വാദകയും, വാഗ്മിയും ആയിരുന്ന ആന്റി, കോവിഡിനു മുൻപുള്ള കാലത്തെ കട്ടൻകാപ്പിയുടെ സർഗ്ഗ വേദികളിലെ സ്ഥിരം ശബ്ദമായിരുന്നു. "പ്രിയാ, ഈ മാസം കട്ടൻകാപ്പിയുടെ പരിപാടികൾ ഒന്നുമില്ലേ?" എന്ന ചോദ്യം പലപ്പോഴും എന്നെ തേടിയെത്തിയിരുന്നു. നനഞ്ഞു തണുത്ത പ്രതികൂല സാഹചര്യങ്ങളിൽ, അതൊരു പ്രചോദനമായിരുന്നു. പരിപാടിയുള്ള അവസരങ്ങളിൽ എന്റെ വാഹനത്തിലെ ഒരു സീറ്റ് ആന്റിക്കുള്ളതായിരുന്നു. ജയയും, ഞാനും, ആന്റിയുമൊത്തുള്ള ഇത്തരം ഹ്രസ്വ യാത്രകൾ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇത്തരം യാത്രകളിലും, കട്ടൻകാപ്പിയുടെ ചർച്ചാവേദികളും പഴയകാല പൊതുജീവിതത്തിന്റെ അനുഭവങ്ങൾ ധാരാളമായി ആന്റി പങ്കുവച്ചിരുന്നു. സിസിലി ആന്റിയെക്കുറിച്ചുള്ള ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ആകുലമായ മനസ്സോടെ, ബാഷ്പകണങ്ങൾ സമർപ്പിക്കുന്നു.
- Details
- Written by: Pradeep Kumar V
- Category: Blog
മതം ഏതായാലും അവർ സംരക്ഷകരാണ് !
സംരക്ഷകരായി പിറക്കുന്നൂ... ദൈവങ്ങൾ !
വിധേയപ്പെടുക !
തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് മതവിശ്വാസികളുടെ സംരക്ഷണയിൽ നിന്നും മതഭ്രാന്തൻമാരുടെ സംരക്ഷണയിലേയ്ക്ക് പറിച്ചുനടപ്പെടുന്ന അദൃശ്യ ജൻമം ! കോടാനുകോടി വർഷങ്ങൾ കഴിഞ്ഞാലും പരിണാമമേശാത്ത മാനസപുത്രന്മാരും പുത്രികളും ! സംരക്ഷകർ എന്ന വ്യാജേന അവരെ മതങ്ങൾ മനുഷ്യരിൽ പ്രതിഷ്ഠിക്കും. പിന്നെ അവരെ സംരക്ഷിക്കേണ്ടത് പേറുന്നവരുടെ ചുമതലയാണ്. അവർ മതഗ്രന്ഥങ്ങളിൽ അട്ടിയിട്ട് അടയിരിക്കുന്നതുപോലെതന്നെ ഇത്തിൾക്കണ്ണികളായി മനുഷ്യന്റെ മനസ്സിൽ പടർന്നു തഴച്ചുവളർന്ന് അവന്റെ ചെയ്തികളുടെ ഭാഗമായിത്തീരും.
ജാഗ്രതൈ...!
മനുഷ്യരെ സംരക്ഷിക്കേണ്ട മനുഷ്യർ ദൈവങ്ങളെ സംരക്ഷിക്കാൻ നിർബന്ധിതരാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു അവതാരപുരുഷനും മനുഷ്യരെ സംരക്ഷിക്കാനാവില്ല. എത്തുകയുമില്ല. അതാണിതുവരെയുള്ള ചരിത്രവും. ആർക്കെങ്കിലും ഭൂമിയിൽ മനുഷ്യരെ സംരക്ഷിക്കുവാൻ കഴിയുമെങ്കിൽ അത് മനുഷ്യർക്കു മാത്രമാണ്. അവർ തന്നെയാണ് തന്റെ സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കുവാൻ പ്രാപ്തൻ. സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ സംരക്ഷിക്കുന്നപോലെ സമൂഹത്തെയും മനുഷ്യന് സംരക്ഷിക്കാൻ കഴിയണം. അവിടെ മാനവികതയാവണം പ്രതീകവും ആയുധവും. പലപ്പോഴും ഈ പ്രക്രിയയിൽ പങ്കുചേരുന്ന വ്യക്തിത്വങ്ങൾ ചില പ്രത്യേക പരിഗണന അർഹിക്കുന്നു. അങ്ങനെയൊരു വ്യക്തിത്വത്തിനുടമയാണ് കെ പി രാമനുണ്ണി.
നന്നേ ചെറുപ്പത്തിൽ തന്നെ കഥകൾ എഴുതിത്തുടങ്ങിയ, ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രാമനുണ്ണി 1995 ൽ കൊൽക്കത്തയിലാണ് ജനിച്ചത്. (പുസ്തകങ്ങളിൽ ജന്മദേശം പൊന്നാനി എന്നാണ് കൊടുത്തിട്ടുള്ളത് ) അസിസ്റ്റന്റ് മാനേജർ പദവിയിൽ ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കവെ മുഴുസമയ സാഹിത്യപ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ച ഭാഷാസ്നേഹി. അടുത്തകാലത്ത് വിവാദങ്ങളിൽ നിറഞ്ഞുനിന്ന മലയാളത്തിന്റെ എഴുത്തുകാരൻ. ഹിന്ദു വർഗീയവാദികളുടെയും മുസ്ലിം വർഗീയവാദികളുടെയും ഭീഷണികൾക്ക് മുന്നിൽ പതറാതെ നിന്ന വ്യക്തിത്വം.
നോവലെഴുത്തിൽ 'സൂഫി പറഞ്ഞ കഥ'യിൽ തുടങ്ങി വയലാർ അവാർഡ് നേടിയ 'ജീവിതത്തിന്റെ പുസ്തകവും'കഴിഞ്ഞു കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് നേടിയ 'ദൈവത്തിന്റെ പുസ്തക'ത്തിൽ എത്തി നിൽക്കുന്പോൾ, മതങ്ങളെ വർഗീയ വിഘടനവാദികളിൽ നിന്നും സംരക്ഷിച്ച് വിശ്വാസികളിൽ ഒതുക്കിനിർത്തി മാനുഷികമൂല്യങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയ്ക്ക് രാമനുണ്ണിയുടെ എഴുത്തും ജീവിതവും ഊന്നൽ നൽകുന്നു.
മതാചാരങ്ങൾ തന്നെ കാലദേശഭേദമനുസരിച്ച് വ്യത്യസ്തമായി ആചരിക്കപ്പെടുന്പോൾ ഈ ആശയം എത്രത്തോളം പ്രായോഗികമാണെന്നറിയില്ല. അതും വർഗീയ വിഘടനവാദ പ്രവർത്തനങ്ങൾ വിശ്വാസത്തിന്റെ മൂർത്തിമത്ത് ഭാവമാവുന്പോൾ ! കേരളത്തിൽപ്പോലും ഇന്ന് വേരുപിടിക്കുന്ന ഹിന്ദുത്വഫാസിസം തന്നെ അതിന് തെളിവ്. അത് മറ്റു പ്രദേശങ്ങളിൽനിന്നും കേരളത്തിലേക്ക് പറിച്ചുനടപ്പെടുകയാണ്.
പൊന്നാനിയുടെ എഴുത്തുകാരായ ഇടശ്ശേരിയും, ഉറൂബും, എം ടി വാസുദേവൻ നായരും, മാധവിക്കുട്ടിയും, സി രാധാകൃഷ്ണനുമൊക്കെ സഹമതസ്നേഹം എഴുത്തിലും ജീവിതത്തിലും കാണിച്ചിട്ടുള്ളപ്പോൾ, കാലം മാറെ മാറെ, അതെ പൊന്നാനിക്കാരനായ രാമനുണ്ണിയുടെ രചനകളിലും ജീവിതത്തിലുമുള്ള സഹമതസ്നേഹത്തെ മുസ്ലിം പ്രീണനമായി ചിത്രീകരിക്കുന്നത് ഒരു യഥാർഥ ഹിന്ദുവിന് ഹിന്ദുത്വഫാസിസം എന്തുമാത്രം ഭീഷണിയാണെന്നുള്ളതിന്റെ ഉദാഹരണമാണ്. അല്ലെങ്കിൽ ഒരു ഹിന്ദുമതവിശ്വാസിയിൽ ഹിന്ദുത്വഫാസിസം എത്രമാത്രം അടിച്ചേൽപിക്കപ്പെട്ടുകഴിഞ്ഞു എന്നുള്ളതിനുദാഹരണമാണ്.
കേരളസാഹിത്യ അക്കാദമി അവാർഡിന് അർഹമായ രാമനുണ്ണിയുടെ ആദ്യ നോവലായ, അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട 'സൂഫി പറഞ്ഞ കഥ' ഹിന്ദു യുവതിയായ കാർത്തിയുടെയും മുസ്ലിമായ മാമൂട്ടിയുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയുന്നു. ഈ കഥ പ്രിയനന്ദനൻ സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് രാമനുണ്ണി തന്നെയായിരുന്നു. എട്ടു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട 'സൂഫി പറഞ്ഞ കഥ', സിനിമാവിഷ്കാരം ഒരു സാഹിത്യകൃതിയെ എത്രത്തോളം പ്രചാരമുള്ളതാക്കിമാറ്റും എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ്.
അതിയന്നൂർ കടപ്പുറത്തെ സാധാരണ മനുഷ്യരുടെ പച്ചയായ ഗ്രാമീണജീവിതം യാഥാർഥ്യവും ഫിക്ഷനുമായി ചാലിച്ചെഴുതുകയാണ് 'ജീവിതത്തിന്റെ പുസ്തക'ത്തിൽ രാമനുണ്ണി. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദവർമ്മരാജ വീടും ഓഫിസും ട്രെയിൻ യാത്രയുടെതുമൊക്കെയായ തടവറയിൽ നിന്ന് മോചനം നേടിയാണ് കാഞ്ഞങ്ങാട്ട് റെയിൽവേ ഫ്ലാറ്റുഫോമിൽ വണ്ടിയിറങ്ങുന്നത്. ജോലിചെയ്തിരുന്ന സ്ഥാപനവും കുടുംബവും മരിച്ചുവെന്ന് സ്ഥിതീകരിച്ച ഗോവിന്ദവർമ്മരാജ സ്മൃതിനാശം സംഭവിച്ച് അതിയന്നൂർ കടപ്പുറത്ത് ജീവിക്കുന്നു. തുടർന്നയാൾ സുബൈദയിലെത്തിപ്പെട്ട് വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. നാഗരികജീവിത ചിട്ടവട്ടങ്ങളിൽ നിന്നും താഴേക്കിടയിലുള്ളവരുടെ ഗ്രാമീണജീവിത ചിട്ടവട്ടങ്ങളിലേക്കുള്ള ഗോവിന്ദവർമ്മരാജയുടെ സ്മൃതിനാശത്തിലൂടെയുള്ള പരകായപ്രവേശം. ഭാഷയുടെ, പദപ്രയോഗങ്ങളുടെ അനുസ്യൂതമുള്ള ഒഴുക്കിൽ സുബൈദയുമായുള്ള രതിവൈകൃതത്തിന്റെ ആവർത്തിച്ചുള്ള നോവലിലെ വിവരണം പലപ്പോഴും വായനയുടെ രസം ചോർത്തിക്കളയാതിരിക്കുന്നില്ല. ഒരു പ്രത്യേക പ്രദേശത്തിന്റെ, ജനവിഭാഗത്തിന്റെ ഭാഷ വളരെ മനോഹരമായി ഈ നോവലിൽ അവതരിപ്പിച്ച് രാമനുണ്ണി വായനക്കാരനെ തന്നിലേക്ക് അടുപ്പിച്ചു നിർത്തുന്നു.
ജീവിതത്തിന്റെ പുസ്തകത്തിൽ നിന്നും 'ദൈവത്തിന്റെ പുസ്തക'ത്തിൽ എത്തുന്പോൾ, ശാസ്ത്രത്തിൽ തുടങ്ങി NASA യിലൂടെ ചരിത്രകഥാപാത്രങ്ങളെയും പൗരാണികസങ്കൽപത്തിലൂടെ കൃഷ്ണനെയും, നബിയെയും, അനുബന്ധ കഥാപാത്രങ്ങളെയും ഈ നോവലിൽ രാമനുണ്ണി അവതരിപ്പിക്കുന്നു. ഫിക്ഷനൽ കഥാപാത്രങ്ങളെത്തന്നെ ഫിക്ഷനും ചരിത്രവും കൂട്ടിക്കലർത്തി അവതരിപ്പിക്കുന്ന രചനാരീതി. ശരിക്കും ഓരോ ഭാഷാസ്നേഹിയും വായിച്ചിരിക്കേണ്ട ഒരു നോവൽ കൂടിയാണ് 'ദൈവത്തിന്റെ പുസ്തകം'. മതതീവ്രവാദികളുടെ കൊലവിളികൾ വളരെ ഏശാതെ വിമോചിതമായി ഈ നോവൽ നിലകൊള്ളുന്പോൾ ഇതിന്റെ ഇന്നുവരെയുള്ള വായനക്കാർ സഹിഷ്ണുക്കളായ സഹൃദയരായിരിക്കും എന്നുള്ള വസ്തുത ഏറെ സന്തോഷം നൽകുന്നു.
അനനുകരണീയമായ ഒരു ഭാഷയുടെ (എഴുത്തിന്റെ) ഉടമയാണ് രാമനുണ്ണി. അദ്ദേഹത്തിന്റെ വാക്കുകളുടെ ആവനാഴിയിൽ ഒരിക്കലും അന്പുകൾ ഒഴിയുന്നില്ല. ഗുണനിലവാരവും ഡീസൻസിയും നോക്കി പദങ്ങൾ തെരയുവാൻ പോകാതെ, പലരും എഴുതാൻ മടിക്കുന്ന മലയാള പദങ്ങളെ ഉപയോഗിച്ച് എഴുത്തിനെ മനോഹരമാക്കുന്നതിൽ രാമനുണ്ണി നോവലിലുടനീളം പരാജയപ്പെടുന്നില്ല ! അദ്ദേഹത്തിന്റെ പല പദപ്രയോഗങ്ങളും വായനക്കാരനെ ചിന്തിപ്പിച്ച് ചിരിപ്പിക്കുന്നവയാണ്. കൃഷ്ണനായാലും നബിയായാലും ഹനുമാനായാലും വളിവിട്ടു എന്നു പറയണമെങ്കിൽ, ദൈവങ്ങൾ വളിവിട്ടു എന്നുപറഞ്ഞാൽ മോശമാകില്ലേ എന്നു നിനച്ച് രാമനുണ്ണി ഒരിക്കലും കീഴ്ശ്വാസം എന്ന പദം തേടിപ്പോകില്ല. കഥയിലും നോവലിലുമൊക്കെ ലൈംഗികതയെ പൊലിപ്പിച്ചുകാണിക്കുവാനുള്ള രാമനുണ്ണിയുടെ ശ്രമം പ്രകടമാണ്. പല സന്ദർഭങ്ങളിലും സെക്സ് അനിവാര്യമാണെന്നിരിക്കെ എഴുത്തിൽ അതിന്റെ അതിപ്രസരം അല്ലെങ്കിൽ ആവർത്തനം വായനക്കാരനിൽ ചിലപ്പോഴെങ്കിലും മനംപുരട്ടൽ ഉണ്ടാക്കാതിരിക്കുന്നില്ല.
'ദൈവത്തിന്റെ പുസ്തകം' വായിക്കുന്പോൾ, എഴുതിയും എഴുതിയും വർണിച്ചും വർണിച്ചും മതിവരാത്ത എഴുത്തുകാരനാണോ രാമനുണ്ണി എന്ന് വായനക്കാരന് തോന്നിയേക്കാം. ഹ്രസ്വമായി പറഞ്ഞുപോയി വായനക്കാരനിൽ ജിജ്ഞാസയും ഭാവനയും വളർത്തുന്ന പല സംഭവങ്ങളും മറ്റൊരിടത്ത് ദീഘമായി തന്റെ തനതുശൈലിയിൽ അവതരിപ്പിക്കുന്പോൾ പുസ്തകത്തിന്റെ വലിപ്പം കൂടുന്നതോടൊപ്പം, വായനക്കാരന് എന്തോ നഷ്ടമായ പ്രതീതി ഈ രചനാരീതിയിലൂടെ രാമനുണ്ണി നോവലിൽ ജനിപ്പിക്കുന്നു. ഈ രചനാരീതി എഴുനൂറു പേജുള്ള നോവൽ വായിച്ചുതീരുന്പോൾ കഥാകൃത്ത് അറിയാതെയോ മനപ്പൂർവമായോ ഒരു കഥയില്ലായ്മ അവസാനം സൃഷ്ടിക്കുന്നു.
കൃഷ്ണനെയും നബിയെയും സഹോദരങ്ങളായി ചിത്രീകരിക്കുന്നതിലൂടെ, ഇന്ന് മാനവികത ആർജ്ജിക്കേണ്ട വിശ്വസാഹോദര്യം എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുവാനുള്ള വലിയൊരു ശ്രമമാണ് 'ദൈവത്തിന്റെ പുസ്തകം' എന്ന നോവലിലൂടെ ഇന്ത്യൻ ജനജീവിതത്തിന് ഭീക്ഷണിയായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വഫാസിസ്റ്റുകളുടെ വളർച്ചയെ തടയുക എന്ന അടിസ്ഥാന ലക്ഷ്യവുമായി രൂപം കൊണ്ട 'സർവധർമ്മ സമഭാവന'യുടെ സജീവ പ്രവർത്തകനായ കെ പി രാമനുണ്ണി രചനയിലൂടെ നിർവഹിക്കുന്നത് എന്നുവേണം കരുതാൻ !
തീവ്ര ഹിന്ദുത്വവാദികളിൽ നിന്നും ഹിന്ദുമതവിശ്വാസികളെ സംരക്ഷിച്ചുനിർത്തുവാനായി അമേരിക്കയിൽ പ്രവർത്തിക്കുന്ന സംഘടനയായ 'സാധന'യുടെ പ്രവർത്തനങ്ങളുമായി വളരെ സമാനതകളുള്ള 'സർവധർമ്മ സമഭാവന' എന്ന സംഘടനയിൽ എം ടി യും, സച്ചിദാനന്ദനും, ആറ്റൂർ രവിവർമ്മയും, ബി രാജീവനും, കെ എൻ പണിക്കരും, എം കെ സാനുവും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്.
അതെ..., മുള്ളെടുക്കുവാൻ മുള്ളിനെക്കാൾ പോന്ന വേറെ ഏത് ആയുധമാണുള്ളത് !
എന്തിന് മതഭ്രാന്തന്മാർ കെ പി രാമനുണ്ണിയെ വേട്ടയാടുന്നു ?
രചനകളിൽ അദൃശ്യരായ ദൈവങ്ങളെ പരാമർശിക്കുന്നതിനാണോ ?
അതോ, കേന്ദ്രസാഹിത്യഅക്കാദമിയിൽ നിന്നും ലഭിച്ച അവാർഡ് തുക വർഗീയവാദികൾ തച്ചുകൊന്ന ജുനൈദിന്റെ ഉമ്മയ്ക്ക് നൽകിയതിനാണോ ?
അതുമല്ലെങ്കിൽ, ആരാധനാലയത്തിൽ വെച്ച് ഒരു പിഞ്ചു കുഞ്ഞിനെ നരാധമന്മാർ മൃഗീയമായി ഭോഗിച്ചുകൊന്നതിൽ മനം നൊന്ത് കണ്ണൂര് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പശ്ചാത്താപ ശയനപ്രദക്ഷിണം നടത്തിയതിനോ ?
ഐ എസും, താലിബാനുമൊക്കെ മനുഷ്യക്കുരുതി നടത്തുന്പോൾ അവർ മുസ്ലീമല്ല എന്ന് പറയാൻ ചില മതവിശ്വാസികൾ തയ്യാറാകുന്നതുപോലെ, സംഘപരിവാർ നടത്തുന്ന മനുഷ്യക്കുരുതിയും അക്രമങ്ങളും കണ്ട് അവർ ഹിന്ദുക്കളല്ല എന്ന് എന്തേ ഒരൊറ്റ മതവിശ്വാസിപോലും ഇന്ത്യയിൽ പറയുന്നില്ല ? അത്രത്തോളം ഫാസിസ്റ്റു പ്രവണതകൾ മതവിശ്വാസികളെ വർഗീയവൽക്കരിച്ചിരിക്കുന്നു !
സഹതപിക്കുന്നവനെ തച്ചുകൊല്ലുക !
തെറ്റ് ചൂണ്ടിക്കാട്ടുന്നവനെ കല്ലെറിയുക !
പ്രതികരിക്കുന്നവന്റെ നാവരിയുക ...!
ഈ എഴുത്തുകാരൻ മാനവികത കൈമോശം വന്നിട്ടില്ലാത്തവരുടെ ആദരം അർഹിക്കുന്നു.
ജൂൺ 29 ന് 'കട്ടൻകാപ്പിയും കവിതയും' കെ പി രാമനുണ്ണിയുമായുള്ള സംവാദത്തിന് വേദിയൊരുക്കുന്പോൾ അദ്ദേഹത്തിന് പറയാൻ ഏറെയുണ്ടാവും. നിങ്ങളുടെ ആവനാഴിയിൽ ചോദ്യശരങ്ങൾ നിറയ്ക്കാൻ മറക്കണ്ട.
മാനവികതയുടെ പേരിൽ ഈ മനുഷ്യസ്നേഹിയെ നമുക്ക് മാറോടു ചേർത്തുനിർത്താം.
ആശംസകൾ !
വി പ്രദീപ്.
- Details
- Written by: Pradeep Kumar V
- Category: Blog
ഒരിക്കൽ നന്പൂതിരി ഇല്ലങ്ങളിലും നാട്ടുപ്രമാണിമാരുടെ അകത്തളങ്ങളിലും അവർണന് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചുറ്റുമതിലുകൾക്കുള്ളിലും മാത്രം നിറഞ്ഞാടിയിരുന്ന കഥകളി പുരുഷ മേധാവിത്വത്തിന്റെ കൂടി കലയായിരുന്നു. കേരളത്തിന്റെ നാടൻ കലകളായ ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി എന്നിവയുടെ അംശങ്ങൾ ദൃശ്യമാകുന്ന കഥകളി, രാമനാട്ടത്തിന്റെ പരിഷ്കൃത രൂപമാണ്. ശൃംഗാരപ്രധാനമാണ് കഥകളി. പഴയകാല ആട്ടക്കഥകൾ ഒക്കെയും അനേകം ദിവസങ്ങൾ കൊണ്ടാണ് കലാകാരന്മാർ ആടിത്തീർത്തിരുന്നത്. രാവിൻറെ കലയായ കഥകളി, പ്രമാണിമാരും ബന്ധുക്കളും പുരുഷന്മാർ കെട്ടിയ സ്ത്രീവേഷങ്ങൾ ശൃംഗാരപദമേളങ്ങളിൽ കെട്ടിയാടുന്നതുകണ്ട് രതിനിർവൃതി പൂകിയിരുന്ന കാലം.
ജാതി വ്യവസ്ഥിതിയിലെ കുലത്തൊഴിൽ സന്പ്രദായം എന്നതുപോലെ, കേരളത്തിലെ പരന്പരാഗത ദൃശ്യകലാരൂപങ്ങൾക്കോരോന്നിനും നിയതവും നീക്കുപോക്കില്ലാത്തതുമായ ജാതിവേഴ്ച്ചയുണ്ടായിരുന്നു. ഇങ്ങനെയുള്ള കേരളത്തിൽ, ക്ഷേത്രവേഴ്ച കൂടാതെയും നീക്കുപോക്കില്ലാത്ത ജാതിവേഴ്ച കൂടാതെയും ആദ്യമായുണ്ടാവുന്ന ദൃശ്യകലാരൂപങ്ങളാണ് കഥകളിയും തുള്ളലുമെന്ന് പി കെ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന കേരളചരിത്ര പഠന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
* "സാർവത്രികമായ അംഗീകാരമുള്ള നമ്മുടെ സർവപ്രധാനമായ കലാപൈതൃകം കഥകളിയാണെന്ന കാര്യം ഇന്നു നിസ്തർക്കമാണ്. കേരളചരിത്രപശ്ചാത്തലത്തിൽ കഥകളിക്കുള്ള പ്രകടമായ പ്രത്യേകതകൾ കാണാൻ വിശേഷ ജ്ഞാനമൊന്നും വേണ്ട. കേരളത്തിലെ പരന്പരാഗത ദൃശ്യകലാരൂപങ്ങൾക്കോരോന്നിനും നിയതവും നീക്കുപോക്കില്ലാത്തതുമായ ജാതിവേഴ്ചയുണ്ട്. യാത്രക്കളി നന്പൂതിരിമാരുടെ കലയാണ്. അക്കളി രഹസ്യമായിട്ടെങ്കിലുമൊന്നു കളിച്ചുനോക്കാമെന്ന് ഒരു ചാക്യാരും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരിക്കില്ല. കൂത്തും കൂടിയാട്ടവും സവർണ്ണക്ഷേത്രങ്ങളോടു ബന്ധിച്ചവയും ചാക്യാർജാതിയിലെ പുരുഷൻമാർക്കും നന്പ്യാർ ജാതിയിലെ സ്ത്രീകൾക്കും സംയുക്തമായി മാത്രം പരീക്ഷിക്കാവുന്ന കലാവിദ്യയാണ്. നങ്ങ്യാർക്കു പകരം ചാക്യാരുടെ സ്വന്തം സ്ത്രീജനങ്ങൾക്ക് അതിൽ പങ്കില്ല. പാടില്ല.
അതുപോലെതന്നെ സ്വന്തം നങ്ങ്യാരോടുചേർന്ന് ഇക്കലയൊന്നു പരീക്ഷിക്കാമെന്ന് ഒരു നന്പ്യാരും ആഗ്രഹിച്ചുകാണുകപോലുമില്ല. ഇവയുടെ നിയതമായ ജാതിവേഴ്ചയും അനുഷ്ഠാനവേഴ്ചയും അലംഘ്യമാണ്. സ്പഷ്ടമായും ട്രൈബൽ വേഴ്ചയുള്ള തെയ്യം, തിറ തുടങ്ങിയവയും മദ്യമാംസ നൈവേദ്യങ്ങളോടും താഴ്ന്ന ജാതികളോടും അഭേദ്യവേഴ്ചയുണ്ടായിരുന്ന ട്രൈബൽ അനുഷ്ഠാനകലകളാണ്. മുഹമ്മദീയരുടെ പരിശമുട്ടുകളിയും ക്രിസ്ത്യാനികളുടെ മാർഗ്ഗക്കളിയും വിദേശീയമതത്തിന്റെ കേരളീയാനുയായികൾ കേരളീയജാതി സമൂഹത്തിന്റെ കാറ്റും വെളിച്ചവും ശ്വസിച്ചുണ്ടാക്കിയ ജാതീയ കലാരൂപങ്ങളാണ്. ഇങ്ങനെയുള്ള കേരളത്തിൽ, ക്ഷേത്രവേഴ്ചകൂടാതെയും നീക്കുപോക്കില്ലാത്ത ജാതി വേഴ്ചകൂടാതെയും ആദ്യമായുണ്ടാവുന്ന ദൃശ്യകലാരൂപങ്ങളാണ് കഥകളിയും തുള്ളലും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ജാത്യതീതം എന്നു വിശേഷിപ്പിക്കാവുന്ന ഇവയുടെ ആവിർഭാവമെന്ന വസ്തുത ചരിത്രപരമായി നോക്കുന്പോൾ അർത്ഥവത്താണ്. ആ അർത്ഥമെന്തെന്ന നിരൂപണം ഇവിടെ പ്രസക്തമല്ല. അങ്ങനെ പരിഗണനയർഹിക്കുന്ന ഒരു പ്രത്യേകത അവയ്ക്കുണ്ടെന്നുള്ള കാര്യമേ ഗൗനിക്കാൻ കഴിയാത്ത സമൂഹമനസ്സിന്റെ പ്രത്യേകത പക്ഷേ, ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
ഇന്നും കൂത്തു പറഞ്ഞുകേൾക്കണമെങ്കിൽ ചാക്യാർ വേണം. ചാക്യാരല്ലാത്ത ജാതിക്കാരൻ കൂത്തുപറഞ്ഞാൽ ( അങ്ങനെ ഒരു സാഹസം പാരന്പര്യകലയെ വളർത്തുന്ന ബഹളത്തിനിടയിലും ആരും ഇതുവരെ ചിന്തിച്ചിട്ടില്ല ) അത് എന്തോ പറച്ചിലാവും എന്നല്ലാതെ കൂത്താവുകയില്ല. കൂടിയാട്ടത്തിന്റെ കാര്യവും വ്യത്യസ്തമല്ല. തെയ്യവും തിറയും പടയണിയും തുള്ളാനും പരന്പരാഗതമായി അതു പരിശീലിച്ച പരന്പരാഗത ജനവിഭാഗവും മദ്യമാംസാദികളും ഇന്നും വേണം. എന്നാൽ പരന്പരാഗതമായ വിഭാഗിക വേഴ്ച കഥകളിക്കും തുള്ളലിനും ഇല്ല. അതുണ്ടായ കൊട്ടാരക്കരത്തന്പുരാന്റെ കാലത്തും അനുക്രമം രൂപഭദ്രതനേടിയ പിൽക്കാലത്തും നീക്കുപോക്കില്ലാത്ത ജാതിവേഴ്ചയോ, പരന്പരാഗതമായ വിഭാഗികവേഴ്ചയോ അതിനുണ്ടായിരുന്നില്ലെന്ന് ഇന്നും സമീപചരിത്രകാലങ്ങളിലും അത് പരീക്ഷിക്കപ്പെടുന്ന രീതികൊണ്ടും കാണാം. തമ്മിൽ തീണ്ടിക്കുളിയില്ലാത്ത എല്ലാ മേൽജാതികളും അതിന്റെ പരിശീലനത്തിനും രംഗപ്രയോഗത്തിലും മിശ്രപ്പെട്ടു. അവരിൽ വാസനയുള്ളവർക്കാർക്കും പഠിക്കാവുന്നതും അങ്ങനെയുള്ള ആരെയും ഗുരുസ്ഥാനക്കാർക്കു പഠിപ്പിക്കാൻ വിരോധമില്ലാത്തതുമായ ഏക കേരളീയ ദൃശ്യകലാരൂപമാണ് കഥകളി. തീണ്ടൽജാതിക്കാരായ ഈഴവർ ഉൾപ്പെടെയുള്ള ജാതികളിൽ തമ്മിൽ തീണ്ടിക്കുളിയില്ലാത്തവർ കൂട്ടായി ശിക്ഷണം നേടി അരങ്ങേറിയിരുന്ന കഥകളിയോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഏതായാലും നിലവിൽവന്നു - ഈഴവരായ ചില ആട്ടക്കഥാരചയിതാക്കളും. പരന്പരാഗത കേരളസമൂഹം അറിയാതെയും അംഗീകരിക്കാതെയും അതിന്റെ അന്തഃസത്തയിലേക്കു നവമായി എന്തോ സംക്രമിച്ചു എന്ന ചരിത്രസത്യം കഥകളി എന്ന കലാരൂപവും അങ്ങനെ ഒരു ചരിത്രസത്യം ഇന്നുവരെ കണക്കിലെടുക്കാൻ കഴിയാത്ത കേരളമനസ്സും ഭിന്നരീതിയിലാണെങ്കിലും ഒരേസ്വരത്തിൽ ഏറ്റുപറയുന്നു."
ആട്ടക്കഥയുടെ പ്രണേതാവായ കൊട്ടാരക്കരത്തമ്പുരാനും ആട്ടക്കതയ്ക്കു ചിട്ടയും രൂപവും വരുത്തിയ വെട്ടത്തു രാജാവും ക്ഷേത്രവേഴ്ചകൂടാതെയും നീക്കുപോക്കില്ലാത്ത ജാതി വേഴ്ചകൂടാതെയും രാമനാട്ടത്തിൽ നിന്നും മറ്റൊരു ദൃശ്യകലാരൂപത്തിന് ജന്മം നൽകിയെങ്കിലും, അനേകം കലാകാരന്മാരുടെ കണ്ണുനീരിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും കൂടി കലയായ കഥകളി വരേണ്യർക്കിടയിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിപ്പെടുന്നതും ഇന്നുള്ള പ്രസിദ്ധി കൈവരിക്കുന്നതുമൊക്കെ ഇരുപതാം നൂറ്റാണ്ടിൽ ആണ്. കഥകളി ലോക പ്രസക്തി നേടുന്നത് മഹാകവി വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും രൂപം കൊടുത്ത, പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിൽ അദ്ധ്യയനം നടത്തുന്ന കേരളകലാമണ്ഡലത്തിന്റെ പിറവിയോടു കൂടിയാണ്.
കഥകളിയെക്കുറിച്ചു പറയുന്പോൾ എന്റെ കുഞ്ഞനുഭവങ്ങൾ കൂടി പങ്കുവെയ്ക്കാതെ ഈ കുത്തിക്കുറിപ്പ് പൂർണമാകില്ല. ഞാൻ അഞ്ചാം ക്ളാസ് മുതൽ ഏഴാം ക്ളാസ്സുവരെ പഠിച്ച വഞ്ചിയൂർ യു പി എസ്സിലെ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീധരൻ സാർ തികഞ്ഞ ഒരു കളിഭ്രാന്തനായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിനോദ് എന്റെ ഉറ്റ സുഹൃത്തും. സാർ വീടിനടുത്തുതന്നെ നിർമ്മിച്ച ഒരു ഷെഡ്ഡിൽ മകൻ വിനോദിനെയും വീടിനടുത്തുള്ള ഒരു പെൺകുട്ടിയെയും സാറിന്റെ സുഹൃത്തിന്റെ മകൻ ശിവരാജനെയും കഥകളി പഠിപ്പിക്കുന്നത് കാണാൻ ഞാൻ നിരന്തരം പോകുമായിരുന്നു. പരിസരവാസികളായ മറ്റനേകം പേരും അവിടെ സന്നിഹിതരായിരിക്കും. നടക്കുന്നത് വെറും പഠനമാണെങ്കിലും നമുക്കന്നത് ഒരു ഉത്സവം കാണുന്ന പ്രതീതി ഉളവാക്കിയിരുന്നു. കായിക പരിശീലനം ഏറെ വേണ്ടുന്ന ഒന്നാണ് കഥകളി പരിശീലനം. പരിശീലനം നേടിയാൽത്തന്നെയും പിടിച്ചുനിൽക്കാൻ വളരെ പ്രയാസമുള്ള കലയായതിനാലോ താൽപര്യക്കുറവ് കൊണ്ടോ എന്നറിയില്ല വിനോദ് കഥകളി ഉപേക്ഷിച്ച് ഇന്ന് ബസ് ഡ്രൈവറായി ജോലിനോക്കുന്നു. പെൺകുട്ടി സ്വസ്ഥം ഗൃഹഭരണം. ശിവരാജൻ കോവളത്ത് വിദേശികൾക്ക് മുന്പിൽ കഥകളി പ്രദർശിപ്പിച്ച് ഉപജീവനം നടത്തുന്നുവെന്ന് അറിയാൻ കഴിഞ്ഞു. വിനോദ് കഥകളിയിൽ തുടരാതിരുന്നതിൽ സാർ മരിക്കുംവരെയും വ്യസനിച്ചിരുന്നു. അത്രയേറെ പ്രതീക്ഷയായിരുന്ന അദ്ദേഹത്തിന് വിനോദിൽ.
വിനോദിന്റെ ഈ അനുഭവം, മക്കൾക്ക് താൽപര്യമില്ലാത്ത വിദാഭ്യാസവും കലയുമൊക്കെ അവരിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കൾ ശരിക്കും പാഠമാക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. പഠിത്തത്തിൽ മിടുക്കനായിരുന്ന ഒരു നല്ല സുഹൃത്തിന്റെ വിദ്യാഭ്യാസം പത്താം തരത്തിൽ അവസാനിച്ചതിനുപിന്നിലും ഒരുപക്ഷേ ഈ കഥകളിപഠനത്തിന് പങ്കുണ്ടാവാം ! പ്രൊഫഷണൽ വിദ്യാഭ്യാസമായാലും കലാപഠനമായാലും കുട്ടികളുടെ താൽപര്യവും കൂടി അറിഞ്ഞുവേണം അതിന് അവരെ നാം പാകപ്പെടുത്തുവാൻ.
ഒരു കഥകളി പരിപാടി ഞാൻ പൂർണമായും അനുഭവിച്ചറിയുന്നത് ശരിക്കും അണിയറയിൽ ഇരുന്നാണ്. അതും കലാമണ്ഡലം മേജർസെറ്റ് കഥകളി സംഘത്തിന്റെ ആട്ടപ്പെട്ടിക്ക് മുകളിൽ ഇരുന്ന്. ഒരു ശിവരാത്രി ദിവസം അഞ്ചൽ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു അത്. എനിക്ക് ആ ഭാഗ്യം ഉണ്ടാക്കിത്തന്നത് എന്റെ അടുത്ത ബന്ധുവും സഹപാഠിയും കഥകളി നടിയുമായ ഉഷ ആയിരുന്നു. ക്ലാസ് കഴിഞ്ഞാണ് ഞാൻ ഉഷയോടൊപ്പം അവരുടെ വീട്ടിലേക്ക് പോയത്. ഉഷയുടെ അച്ഛൻ സാധുസാർ കഥകളിയിൽ മുഴുഭ്രാന്തൻ. അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് പാലറ ബാലകൃഷ്ണപിള്ള സാറാണേൽ അതിലേറെ ഭ്രാന്തൻ. ഞങ്ങൾ എത്തുന്പോൾ പാലറ ബാലകൃഷ്ണപിള്ള സാറും പ്രോഗ്രാമിനുവന്ന കഥകളി കലാകാരന്മാരും ആഹാരവും സേവയുമൊക്കെ കഴിഞ്ഞ് ഉഷയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അങ്ങനെ അവരെ പരിചയപ്പെടുവാൻ എനിക്ക് അവസരം ലഭിച്ചു. അന്ന് അവർ അന്പലത്തിലേക്ക് പുറപ്പെടുന്നതിനുമുന്പായി ഉഷയുടെ വീട്ടുമുറ്റത്ത് ചെറിയ ഒരു മേളപ്പദം നടത്തിയാണ് പിരിഞ്ഞത്.
ആ ശിവരാത്രി, കഥകളി കാണുവാൻ പോയ സാധുസാറും ഞാനും ഉഷയും ക്ഷേത്രത്തിലെത്തി, സാർ സുഹൃത്തായ ബാലകൃഷ്ണപിള്ള സാറുമായി ഉത്സവപ്പറന്പിലെവിടെയോ മറഞ്ഞു. ഞാനും ഉഷയും നേരെ പോയത് അണിയറയിലേക്കായിരുന്നു. അവിടെ കണ്ട വർണവിസ്മയത്തിൽ ഏറെനേരം ഞാൻ മിഴിനട്ട് നിന്നു. വർണ്ണങ്ങളുടെ ഒരു മാസ്മരലോകം ! കഥകളി ശരിക്കും വർണങ്ങളുടെ കൂടി കലയാണ്. ഞങ്ങൾ ചെറിയ പത്തായത്തിന്റെ വലിപ്പമുള്ള ഒരു ആട്ടപ്പെട്ടിയുടെ മുകളിൽ ഇരുന്ന് നിലത്തു വിരിച്ച പായയിൽ മലർന്നുകിടക്കുന്ന നടനെ ചുട്ടിക്കാരൻ ചുട്ടികുത്തുന്നത് നോക്കിയിരിക്കുന്പോഴായിരുന്നു എന്റെ മറ്റൊരു സഹപാഠിയായ ലീലാമണിയും ബന്ധുക്കളും അണിയറയിലേക്ക് വന്നത്. ലീലാമണിയുടെ വീട്ടുകാരായിരുന്നു അന്ന് അവിടെ കഥകളി സ്പോൺസർ ചെയ്തത്. അണിയറയിലെ അരണ്ട വെളിച്ചത്തിൽ, അയയിൽ തൂക്കിയിട്ട കിരീടങ്ങൾക്കും വിവിധ വർണങ്ങലിലുള്ള ആടയാഭരണങ്ങൾക്കും അരികിൽ സർവാംഗ വിഭൂഷിതനായി, ഒരു വർണവിഗ്രഹം പോലെ അരങ്ങിൽ പോകുവാൻ ഊഴവും കാത്തുനിക്കുന്ന നടൻ ഏതോ പ്രതിമയാണെന്നു തോന്നിയതിനാലാവാം, ലീലാമണി ആ നടന്റെ തിളങ്ങുന്ന നഖങ്ങളിൽ സ്പർശിച്ചമാത്രയിൽ തന്നെ അയാൾ അടിമുടി കുലുങ്ങി നേരിയ ഒരു ശബ്ദമുണ്ടാക്കിയതും പാവം ലീലാമണി നിലവിളിച്ചുകൊണ്ട് ബന്ധുവിന്റെ മാറിലേക്കു ചായ്ഞ്ഞതും.
പിന്നെ ഞാൻ കയറിയിറങ്ങിയ എത്രയെത്ര ഉത്സവപ്പറന്പുകൾ ! കഥയറിഞ്ഞും അറിയാതെയുമൊക്കെ പിന്തുടർന്ന, ആനന്ദത്തിന്റെയും ഉന്മാദത്തിന്റെയും എത്രയെത്ര ദിനരാത്രങ്ങൾ. ചുറ്റും, നളനും ദമയന്തിയും, ഭീമനും ദ്രൗപതിയും, കീചകനും സൈരന്ധ്രിയും, ഉത്തരനും ബ്രിഹന്ദളയും, ദക്ഷനും വേദവല്ലിയും, കർണ്ണനും കുന്തിയും, കൃഷ്ണനും അർജുനനും..., നിറക്കൂട്ടുകളുടെ, ഭാവതാളങ്ങളുടെ മായാപ്രവാഹം !
പച്ച കത്തി താടി കരി മിനുക്ക് പഴുപ്പ് എന്നീ പ്രധാന വേഷങ്ങൾ ഉള്ള കഥകളിയിൽ, ചുട്ടിക്കാരന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് ചുട്ടികുത്തലും താടിവെച്ചു പിടിപ്പിക്കലും. പ്രകൃതിദത്തമായ ചായില്യവും മനയോലയും അരിമാവുമൊക്കെയാണ് മുഖത്ത് ചായം തേയ്ക്കാൻ ഉപയോഗിക്കുക. കണ്ണ് ചുവപ്പിക്കുന്ന പങ്ക് പുത്തരിച്ചുണ്ട വഹിക്കുന്നു. അരയിൽ കെട്ടിയ കച്ചയിൽ പശമുക്കിയുണക്കിയ അനേകം ചെറിയ ചെറിയ തുണികൾ തിരുകി അണ്ഡാകൃതിയിൽ കെട്ടിമുറുക്കി കഞ്ഞിപ്പശമുക്കി ഞൊറിവുപിടിപ്പിച്ച പാവാട ഉടുത്ത് കിരീടവും ധരിച്ച് വർണാംഗഭൂഷിതനായാണ് നടൻ അരങ്ങിൽ എത്തുക. പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർദ്ധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം എന്നീ ഇരുപത്തിനാല് അടിസ്ഥാന മുദ്രകളെ പദമേളങ്ങൾക്കനുസൃതമായി മുഖചലനങ്ങൾക്കും കരചലനങ്ങൾക്കും പ്രാധാന്യമുള്ള അംഗചലനങ്ങൾ കൊണ്ട് ആടി രസിപ്പിക്കുക എന്നത് നടന്റെ അഭിനയപാടവം തെളിയിക്കുന്നു.
പല കഥകളും മണിക്കൂറുകൾ കൊണ്ട് ആടിത്തീർക്കുവാൻ പാകത്തിൽ ഇപ്പോൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്നും കഥകളിരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ വളരെ കുറച്ചുപേർ മാത്രം. മോഹിനിയാട്ടവും കഥകളിയും അഭ്യസിച്ച ഉഷ കേരളകലാമണ്ഡലത്തിലെ കലാകാരന്മാർക്കൊപ്പവും മറ്റും അനേകം വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഉഷയുടെ നേരെ ഇളയ സഹോദരൻ സുഭാഷും കഥകളി നടനായിരുന്നു. ഞാൻ കാണുന്പോൾ വളരെ ചെറിയ കുട്ടിയായിരുന്ന ഉഷയുടെ ഏറ്റവും ഇളയ സഹോദരൻ വിനോദ് (കലാമണ്ഡലം വിനോദ്) ഇന്ന് അറിയപ്പെടുന്ന കഥകളി സംഗീതജ്ഞനും കേരളകലാമണ്ഡലത്തിലെ സംഗീതാദ്ധ്യാപകനുമാണ്. ഇപ്പോഴും കലാമണ്ഡലത്തിൽ തുടരുന്നുവോ എന്നറിയാൻ കഴിയില്ല. സുഭാഷ് കേരളാപൊലീസ് സൈബർസെല്ലിൽ ഉന്നത ഉദ്യോഗസ്ഥനായി ജോലി നോക്കുന്നു. കഥകളിക്കുപുറമെ നല്ലരീതിയിൽ മോഹിനിയാട്ടപഠനവും പൂർത്തിയാക്കിയ ഉഷയുടെ കലാപ്രവർത്തനത്തിന് വിവാഹത്തോടെ തിരശ്ശീല വീണു. സാധുസാറും, പാലറ ബാലകൃഷ്ണപിള്ളസാറും ഇന്ന് ഓർമ്മകളിൽ മാത്രം.
സ്ത്രീകൾ കഥകളി രംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന - അവരെ അതിന് അനുവദിച്ചിരുന്നില്ല എന്നുപറയുകയാവും കൂടുതൽ ശരി - കാലത്ത് കഥകളി അഭ്യസിച്ച് അവതരിപ്പിച്ച ആദ്യ വനിതകളിൽ ഒരാളായിരുന്നു പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകൾ മൃണാളിനി ( മൃണാളിനി സാരാഭായ് ) ഇന്ത്യൻ ശാസ്ത്രീയകലകളെ അവതരിപ്പിച്ചും പരിശീലിപ്പിച്ചും അവയുടെ മഹത്വം ലോകജനതയ്ക്ക് മനസ്സിലാക്കിക്കൊടുത്ത കലാകാരി. കഥകളിക്ക് ദേശീയതലത്തിൽ പുരസ്കാരങ്ങൾ ലഭിച്ച ആദ്യത്തെ കലാകാരനായിരുന്ന ഗുരു കുഞ്ചു കുറുപ്പായിരുന്നു( തകഴിയുടെ അമ്മാവൻ ) മൃണാളിനിയുടെ ഗുരു. അനേകം പേരെ മൃണാളിനി കഥകളി പരിശീലിപ്പിച്ചിട്ടുമുണ്ട്.
കഥകളി ഇന്നും സാധാരണക്കാരന്റെ ( ജനകീയ ) കല അല്ലാതെതന്നെ നിലകൊള്ളുന്നു. കഥകളിയെ സാധാരണക്കാരിലെത്തിക്കുവാനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്. മലയാളസിനിമയിൽ 'രംഗം' എന്ന എം ടി വാസുദേവൻ നായർ, ഐ വി ശശി ചിത്രത്തിനുശേഷം കഥകളിയെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഒരു മനോഹര ചിത്രമാണ് ഷാജി എൻ കരുൺ സംവിധാനം നിർവഹിച്ച് മോഹൻലാലും, കലാമണ്ഡലം ഗോപി ആശാനും കലാമണ്ഡലത്തിലെതന്നെ അനേകം കലാകാരന്മാരും ചേർന്നഭിനയിച്ച 'വാനപ്രസ്ഥം.'
"കാമിനീ... മമ മനോരഥ...
കാമിനീ മനസ്വിനീ ...
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
ചന്ദ്രികാലയം ചേർത്ത സംഗീതം ആലിംഗനം
അംഗങ്ങളിൽ നീ അരുളുന്ന ചുംബനം
അംഗാരമാളും മനസ്സിനു ചന്ദനം...
മന്ദമഴിയുന്നൂ കുന്തളബന്ധനം `
മന്ത്രം പൊഴിയുന്നൂ നിൻ രതികൂജനം...
കാമിനീ... മമ മനോരഥ... "
കഥകളിയെ കൂടുതൽ പരിചയപ്പെടുവാനും ആസ്വദിക്കുവാനും 'കട്ടൻകാപ്പിയും കവിതയും' നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും, 2019 ജൂൺ 08 കലാചേതനയുമായി ചേർന്ന് നടത്തുന്ന കഥകളി പഠനശിബിരത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വി പ്രദീപ്.
*ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ ബാലകൃഷ്ണൻ.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog

KATHAKALI the classical dance drama of Kerala, south India, is part of the eternal evolution of Asian storytelling using Mudras, an ancient sign language, characters, complex facial expressions and stunning costumes and make-up.
These remarkable stories based on the great Hindu epic poems are as relevant today as they were when first written exposing the greatness and failure of human relationships plus the eternal search for spirituality.
Story - DAKSHA YAGA
by Irayimman Tampi [1783 - 1856]
Irayimman Tampi was the poet for the King of Travancore, south Kerala.
He wrote some of the most popular Kathakali plays to include Daksha Yaga.
The story tells how King Daksha, the son of Brahma, husband of Vedavali and devotee of Lord Siva finds a baby girl in the river. They adopt her and they call her Sati. Sati grows up to marry Lord Siva but Daksha is offended when Lord Siva and Sati leave the wedding ritual without saying goodbye.
Lord Siva and Sathi go to live on the sacred Mount Kailash in the Himalayas. Daksha feels that the marriage is a mistake. He is insulted and decides to hold a Yaga [Ceremony] without inviting the couple. Sati goes to go to the Yaga but as predicted by Siva Daksha is angry and sends her away. Sathi returns to Siva and tells him of her humiliating visit. Siva comforts her by promising to take revenge on Daksha.
Sathi creates Bhadra Kali and Siva orders Vhirabhadra, the leader of his army, to destroy Daksha`s ceremony. Daksha refuses to acknowledge Siva so they behead him. Sathi is so distraught that Lord Siva restores Daksha`s life and gives him the head of a goat.
Sati is overcome with grief and commits suicide by jumping into a fire.
Out of love for Sathi Lord Siva gives her rebirth as his second wife, Parvati.
Scenes
Scene one: Just before the wedding of his daughter, King Daksha, with his wife, remembers how he found a beautiful girl in a shell whilst taking a bath in the river, how he loved her, brought her up and called her Sati.
Scene two: The wedding of Lord Siva and Sati. Siva and Sati disappear without speaking to her father Daksha. Daksha is angry, insulted and decides to get revenge by holding a Yaga without inviting the couple.
Scene three: Lord Indra warns Daksha that Siva is the God of Gods and should be respected. Daksha refuses to show respect and continues to arrange his Yaga without inviting Lord Siva and Sati.
Scene four: Sati requests permission from Lord Siva to visit her father’s Yaga ceremony. Siva warns her that she will be hurt and rejected. Sati insists that she would like to see her family again so Siva gives her a free choice and she goes.
Scene five: Daksha is engaged in his Puja when Sati arrives. He is angry about her marriage to Siva, asks why she came, tells her that he is not her father anymore and to go away.
Scene six: Sati returns to Siva and tells him of her humiliating visit to her father. She is ashamed of her father`s attitudes so Siva comforts her and promises to take revenge on Daksha. Siva sends his powerful servant Vhirabhadra and Sati creates the violent Bhadra Kali to destroy Daksha`s ceremony then kill him.
Scene Seven: Daksha is conducting his Puja when Vhirabhadra and Bhadra Kali ask for Lord Siva`s share to give him a chance to show respect. When Daksha refuses, Vhirabhadra cuts of his head and shares the blood with Bhadra Kali.
Scene eight: Lord Siva feels compassion for his wife’s father so he agrees to give him a new life but with the head of a goat. Daksha realises the greatness of Lord Siva, begs for forgiveness and offers flowers. Lord Siva blesses Daksha.
CAST:
KING DAKSHA KALAMANDALAM BALASUBRAMANIAN
SATI KALAMANDALAM VIJAYAKUMAR
SIVA KALAMANDALAM KUTTY KRISHNAN
VHIRABHADRA KALAMANDALAM SOMAN
BHADRAKALI KOTTAKAL DEVADASAN
SINGER KALAMANDALAM MOHANKRISHNAN
SINGER KALAMANDALAM RAJENDRAN
CHENDA SADANAM RAMAKRISHNAN
MADALAM KALAMANDALAM RAJANARAYANAN
CHUTTI [MAKE UP] KALAMANDALAM BARBARA VIJAYAKUMAR
COSTUMES KALA CHETHENA RAJAN
TECHNICAL TOM BLAKEMORE
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാൾ ആയിരുന്ന പാബ്ലോ നെരൂദ ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ജനിച്ചു. സ്കൂൾ ജീവിതത്തിൽ തന്നെ ശ്രദ്ധേയനായി മാറിയ കവി തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു. 'ഇരുപതു പ്രണയ കവിതകളും ഒരു നൈരാശ്യ ഗീതവും' (Twenty Love Poems and a Song of Despair) എന്ന ആദ്യ കാല കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു. മൂന്നു ഭാഗങ്ങളിലായി പലപ്പോഴായി സ്പാനിഷിൽ പ്രസിദ്ധം ചെയ്ത ''Residence on Earth' അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനാക്കി. നെരൂദയുടെ രചനകൾ പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു വെളിപ്പെടുത്തുന്നതായിരുന്നു. അതുപോലെ തന്നെ അവ കവിയുടെ സാമൂഹിക ഇടപെടലുകളും ആയിരുന്നു. 231 കവിതകളുടെ സമാഹാരമായ "Canto General" ("General Song"), സ്പാനിഷ് അമേരിക്കൻ ഭൂമികയെ സമഗ്രതയോടെ പ്രതിപാദിക്കുന്നു. വായനക്കാരിൽ രാഷ്ട്രീയ പരിണാമത്തിനു വിത്തു വിതയ്ക്കുന്ന നിലപാടിൽ നിന്നും സാധാരണക്കാരായ വായനക്കാരോടു അവർക്കു മനസ്സിലാകുന്ന തരത്തിൽ എന്തും സംവദിക്കുന്ന നിലപാടിലേക്ക് അദ്ദേഹത്തിന്റെ പിൽക്കാല രചനകൾ പരിണമിക്കുകയുണ്ടായി. ഫ്രാൻസിൽ ചിലിയൻ അംബാസഡർ ആയി വർത്തിണക്കുന്ന കാലത്താണ് അദ്ദേഹം നൊബേൽ സമ്മാനിതനാവുന്നത്. അതിനായി അദ്ദേഹത്തിന്റെ മുഴുവൻ രചനകളും സമഗ്രമായി പരിഗണിച്ചിരുന്നു.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ കലാ-സാഹിത്യ രംഗങ്ങളിൽ ഉയർന്നു വന്ന കാല്പനിക പ്രസ്ഥാനം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയുടെ 'ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ കുത്തൊഴുക്കിനു' പ്രാമുഖ്യം നൽകി. പുറമെ നിന്നുള്ള നിയന്ത്രണങ്ങൾക്ക് അതീതമായിരിക്കണം കലാ-സാഹിത്യ പ്രവർത്തനം എന്ന് ഇതിന്റെ പ്രണേതാക്കൾ വാദിച്ചു. ഈ ചിന്താധരണിയിൽ, ഫ്രഞ്ച് വിപ്ലവത്തിനുള്ള പങ്കും, പുരോഗമന ആശയങ്ങളോടുള്ള അഭിനിവേശവും, ദേശീയതയും പൊതുവെ കാണാൻ കഴിയും. റിയലിസത്തിന്റെ ആവിർഭാവത്തോടെ കാല്പനികതയ്ക്കു ഭാഗീകമായി തിരശ്ശീല വീണു.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
ഷെല്ലിയിലേക്കുള്ള വഴി തുറന്നു തന്നത് ഫ്രാൻസിസ് അണ്ണൻ ആണ്; കഴിഞ്ഞ തവണ കട്ടൻകാപ്പി കുടിച്ചപ്പോൾ. അതിനു ശേഷം Ode to the west wind പല തവണ വായിച്ചു. The Mask of Anarchy വായിച്ചു. വിവാദ ലഖുരേഖ ആയ The Necessity of Atheism (1811) ഉം വായിച്ചു. കാല്പനിക കവി എന്ന പെട്ടിയിൽ അദ്ദേഹത്തെ അടച്ചത് എന്തിനെന്ന് ഇവ മൂന്നും വായിച്ചിട്ടും മനസ്സിലായില്ല. ഈശ്വര വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഏറ്റവും അപകടകരമായ കാര്യമായി കണ്ടിരുന്ന ഒരു കാല-ദേശത്തു, ആ കുറ്റകൃത്യം ചെയ്യാൻ ധൈര്യം ഉണ്ടായിരിക്കുകയും, അതിലുള്ള തന്റെ നിലപാടിൽ പിന്നീട് ഉറച്ചു നിൽക്കുകയും ചെയ്തത്, എന്നെ വിസ്മയപ്പെടുത്തി. കവിയുടെ അദമ്യമായ സ്വാതന്ത്ര്യ അഭിവാഞ്ഛയും, വ്യവസ്ഥിതിയുടെ ഇരുട്ടിനെതിരെയുള്ള നിരന്തര പോരാട്ടവും വെറും പ്രകടനപരത ആയിരുന്നില്ല എന്ന്, കൊടുങ്കാറ്റുപോലെ വന്നു പോയ ആ ക്ഷണിക ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആശാൻ വീണപൂവിൽ പറയുന്നുണ്ട് "മേഘ ജ്യോതിസ്സുതൻ ക്ഷണിക ജീവിതമല്ലി കാമ്യം" എന്ന്. ദീർഘ കാലം വഴി നടക്കുന്നവരുടെ പാദം തട്ടി മുറിക്കുന്ന, കരിങ്കല്ലുകളെ നമുക്കു മറക്കാം. ക്ഷണികമാണെങ്കിലും, വഴി തെളിക്കുന്ന ജ്യോതിസ്സുകളെ നമുക്കാദരവോടെ ഓർക്കാം.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
മനുഷ്യരെ ഒന്നിപ്പിക്കുന്നത് എന്താണ്? തീർച്ചയായും മതങ്ങളല്ല. ഓരോ മതവും വിളംബരം ചെയ്യുന്നു, അതു മാത്രമാണ് ശരി. രാഷ്ട്ര മീമാംസകളോ, പ്രത്യയ ശാസ്ത്രങ്ങളോ അല്ല. വാണിജ്യ വൽക്കരിക്ക പ്പെടുന്ന കായിക വിനോദങ്ങളും അല്ല. ഏറെക്കുറെ ആ ധർമ്മം അനുഷ്ഠിക്കുന്നത് കലയും സാഹിത്യവുമാണ്. സ്വതന്ത്രമായി പരിലസിക്കുന്ന കലയും സാഹിത്യവും മനുഷ്യരെ ഒന്നിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരെ പ്രകൃതിയുമായി കൂടുതൽ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു. അതുകൊണ്ടു തന്നെ കലയ്ക്കും സാഹിത്യത്തിനും ഇടമില്ലാത്ത സമൂഹത്തിൽ വിഭാഗീയത കൂടുതൽ ആയിരിക്കും. അത്തരം സമൂഹങ്ങൾ ജീർണ്ണതയിലേക്കു വളരെ വേഗം കൂപ്പുകുത്തും. ഇവിടെയാണ് കലയ്ക്കും സാഹിത്യത്തിനും ചങ്ങലകൾ ഇടുന്നതിന്റെ പ്രസക്തി പ്രത്യക്ഷമാകുന്നത്. ബാഹ്യ ശക്തികൾ കലയ്ക്കും സാഹിത്യത്തിനും വില ക്കുകൾ ഏർപ്പെടുത്തുമ്പോൾ, സ്വതന്ത്രമായി വ്യവഹരിക്കാൻ അവയെ അനുവദിക്കാതെ വരുമ്പോൾ 'മനുഷ്യരെ ഒന്നിക്കുക', 'മനുഷ്യരെ പ്രകൃതിയുമായി ഇണക്കുക' എന്നീ കർത്തവ്യങ്ങൾ അവയ്ക്കു നിറവേറ്റാൻ കഴിയാതെ വരുന്നു. എവിടെ കലയ്ക്കും സാഹിത്യത്തിനും വിലക്കു വീഴുന്നുവോ, അവിടെ സമൂഹം ജീർണ്ണിക്കുവാൻ തുടങ്ങി എന്നു നിസ്സംശയം നിരൂപിക്കാം. അതു തിരുത്തൽ നടപടികൾക്കുള്ള കാലമായി എന്നതിന്റെ സൂചനയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോളും ഇതു തന്നെ ആണ് സംഭവിക്കുന്നത്. പൊതു വേദികളിൽ അഭിപ്രായവുമായി എത്തുന്ന വ്യക്തികളെ കരി ഓയിലിൽ കുളിപ്പിച്ചെടുക്കുക. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാതെ, വ്യക്തി ഹത്യ യ്ക്കു പുറപ്പെടുന്നത്, ദാരിദ്ര്യത്തിന്റെ ലക്ഷണമാണ് - ആശയ ദാരിദ്ര്യത്തിന്റെ ലക്ഷണമാണ്. അതൊരു ആക്രമണ നയം എന്നതിലുപരി പൊള്ളയായ തലയുടെ ലക്ഷണമാണ്. ഇതൊരു സൂചികയാണ് - സാമൂഹിക ജീർണ്ണതയുടെ!-
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
ജീവിതം മരിക്കാനുള്ളതല്ല. മറിച്ചു രമിക്കാൻ മാത്ര മുള്ളതുമല്ല. അനന്തതയിലെന്നോ തുടങ്ങിയ ജീവന്റ യാത്രയിൽ, വർത്തമാന കാലത്തെ അതിന്റെ പൂർണതയിൽ ഭാവിയിലേക്ക് ലയിപ്പിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ളതാണ് ജീവിതം. ഈ ഉത്തരവാദിത്തം ഓർമിപ്പിക്കലാണ് സാഹിത്യം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നതും. ജീവിതം വെല്ലുവിളികളുടെ കേദാരമാണ് . വെല്ലുവിളികളെ നേരിടുമ്പോൾ സഹജീവികളെയും പ്രകൃതിയെപ്പോലും മറക്കുക സഹജമാണ്. അത്തരം മറവിലൂന്നിയ ജീവിത സമരങ്ങൾ വ്യക്തിപരമായ വിജയങ്ങൾ ഒരു പക്ഷേ ഉണ്ടാക്കുമെങ്കിലും, സമൂഹം ഒരു പടി പരാജയത്തിലേക്ക് താഴും. അത് ഭാവി വ്യക്തികളുടെ ജീവിതത്തെ ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ എല്ലാവർക്കും വിജയിക്കാൻ കഴിയുന്ന സമരങ്ങളല്ലേ ഉത്തമം?
- വിപണി മാത്രമല്ല നമ്മെ ഭരിക്കുന്നത്
- കഴിഞ്ഞ വാരങ്ങളിൽ - Feb 2014
- സർഗ സംഗീതം - വയലാർ
- ഡി. വിനയചന്ദ്രന് ആദരാഞ്ജലികൾ
- അതിഭാവുകത്വത്തിന്റെ മേച്ചില് പുറങ്ങളില് !
- കരിങ്കല് പ്രതിമപോലെ രാച്ചിയമ്മ
- കവി സച്ചിദാനന്ദനുമായി ഒരു സായാഹ്നം
- കഥ പറച്ചിലിലെ സുതാര്യത
- പുസ്തകങ്ങള്ക്കായി ഒരു ദിനം
- Literrary evening with Sadanand Menon

