Reports
- Details
- Category: Reports

മെയ് 26 നു essenceUK യും 'കട്ടൻകാപ്പിയും കവിതയും' കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സി രവിചന്ദ്രൻ സംസാരിച്ചു. ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. എന്തായിരുന്നു പ്രസക്ത ഭാഗങ്ങൾ?
ശാസ്ത്രീയ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകൾ കേരളീയ സമൂഹത്തിൽ ഗണ്യമായി കുറഞ്ഞുവരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും അന്ധവിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. താൻ വിശ്വസിക്കുന്നതിനും ഏർപ്പെടുന്ന ആചാരങ്ങൾക്കും സാമാന്യ ബുദ്ധിക്കു നിരക്കുന്ന എന്തടിസ്ഥാനമുണ്ട് എന്നു പലരും ചിന്തിക്കുന്നില്ല. ചിന്താശേഷി ശക്തമാകും മുൻപേ കുട്ടികളിലേക്ക് കടത്തി വിടുന്ന അശാസ്ത്രീയ വിശ്വാസങ്ങൾ മരണം വരെ അവർ മുറുകെപ്പിടിക്കുന്നു.
ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന സംഘടിതമായ രോഗ ശുശ്രൂഷാ തട്ടിപ്പിൽ സാധാരണക്കാരെപ്പോലെ വിദ്യ സമ്പന്നവരും ഇരയാകുന്നു. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കാനുള്ളവർ, രോഗിയായി അഭിനയിക്കുന്നവർ , സ്തുതിപാഠകർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വലിയ ഒരു സംഘമാണ് കൃത്യമായ പ്ലാനിങ്ങോടുകൂടി ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. കണക്കിൽപ്പെടാത്ത സ്വത്തു സമ്പാദനവും, മത പരിവർത്തനവുമാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിചിത്രമെന്നു പറയട്ടെ, ധ്യാനഗുരുക്കൾ സ്വന്തം രോഗങ്ങൾക്ക്, വൈദ്യശാസ്ത്രത്തെ സമീപിക്കുന്നു.
നാരായണ ഗുരു ശിവനെ പ്രതിഷ്ഠിച്ചതിലൂടെ സാമൂഹിക മാറ്റം കേരളത്തിൽ ഉണ്ടായെങ്കിലും ശിവനെ (ദൈവ വിശ്വാസത്തെ) ഉറപ്പിക്കുയുകയാണു ചെയ്തത്. അദ്ദേഹം മതവും ദൈവവും ഇല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി പരിശ്രമിക്കേണ്ടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്ന പുരോഗമനപരത ഇരുപത്തി ഒന്നാം നൂറ്റാണ്ടു തുടങ്ങിയപ്പോഴേക്കും ഗണ്യമായി കുറഞ്ഞിരിക്കുന്നു. കാരണം ശരിയായ ചികിത്സ ആയിരുന്നില്ല അന്നു സമൂഹത്തിനു കിട്ടിയത്.
മതാചാരങ്ങളിലൂടെ പ്രശ്നങ്ങളിൽ നിന്നും വിശ്വാസിക്ക് ആശ്വാസം ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മറു ചോദ്യം ഉന്നയിച്ചു. ലഹരി ഉപയോഗിക്കുമ്പോഴും, മദ്യപിക്കുമ്പോഴും പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാറുണ്ടല്ലോ? താൽക്കാലികമായ ആശ്വാസം പലപ്പോഴും മറ്റു നഷ്ടങ്ങളിലേക്കു വഴിതെളിക്കും. സമയം, ധനം, മാനസികവും ശാരീരികവുമായ സ്വസ്ഥത ഇവയൊക്കെ അതിൽപ്പെടും.
ഇല്ലാത്ത ഒരുകാര്യം ഇല്ല എന്നു തെളിയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു ദൈവം ഉണ്ടെങ്കിൽ, അതു ശാസ്ത്രീയമായി തെളിയിച്ചു തന്നാൽ ദൈവ വിശ്വാസിയാകാൻ തയാറാണ്.
സമൂഹത്തിലെ മൂല്യ ബോധം മതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നൊരു വാദമുണ്ട്. മതങ്ങളുണ്ടാവുന്നതിനു മുൻപും, മതങ്ങളില്ലാത്ത മൃഗങ്ങളിലും ദയയും സ്നേഹവും, അനുകമ്പയും നിലനിൽക്കുന്നു. മതങ്ങൾ നടത്തിയിട്ടുള്ള കലാപങ്ങളും, കൊലപാതങ്ങളും, ബലിയും തെളിയിക്കുന്നത് സാമൂഹിക മൂല്യങ്ങളും മതങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാണു.
ഹോമിയോപ്പതി അശാസ്ത്രീയമാണ്. ശാസ്ത്രം പറയുന്നത് നേർപ്പിക്കുന്തോറും ഒരു വസ്തുവിന്റെ വീര്യം കുറയും എന്നാണ്. ഹോമിയോപ്പതി മറിച്ചാണു പറയുന്നത്. ഹോമിയോപ്പതി പറയുന്നു വെള്ളത്തിനു ഓർമ്മയുണ്ടെന്ന്. അങ്ങിനെയാണെങ്കിൽ വെള്ളത്തിന് മാലിന്യത്തിന്റെ ഓർമയും ഉണ്ടാകും. കാരണം ഓടയിലൂടെ ഒഴുകുന്നത് വെള്ളം തന്നെയാണ്.
ഇസ്ലാമിക രാജ്യങ്ങളുടെ കാലോചിതമായ പരിവർത്തനം ഈ കാലഘട്ടം ആഗ്രഹിക്കുന്ന യാഥാർഥ്യമാണ്.

- Details
- Category: Reports
രചനകളിലൂടെ കടന്നുപോകുമ്പോൾ എഴുത്തുകാരുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പരിഗണിക്കേണ്ടതുണ്ടോ എന്ന മൗലികമായ ചോദ്യത്തിൽ നിന്നാണ് ഇന്നത്തെ ചർച്ചകൾ തുടങ്ങിയത്. കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ രചനകൾ, ഇതുപോലെ ശ്രദ്ധേയമായ ഒരു കൂട്ടായ്മ ഇന്നത്തെ സാഹചര്യത്തിൽ വിഷയമാക്കിയത് ഉചിതമായില്ല എന്ന വിമർശനം പരിപാടിയുടെ അറിയിപ്പ് പുറത്തു വന്നപ്പോൾ തന്നെ ഉണ്ടായിരുന്നു. വർത്തമാന ഇന്ത്യ കടന്നുപോകുന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി, സുഗതകുമാരിയുടെ ചില പ്രസ്താവനകൾ സമൂഹത്തിനു ദോഷമുണ്ടാക്കും എന്നായിരുന്നു ആരോപണം. സമൂഹത്തിലെ ഒരുപാടാളുകളെ സ്വാധീനിക്കുന്ന നിലയിലുള്ള വ്യക്തികൾ സാമൂഹികമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നും അഭിപ്രായം ഉണ്ടായി.
കലയും സാഹിത്യവും ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലുള്ള വ്യക്തിയുടെ ജീവിതവും നിലപാടുകളും പരിഗണിക്കേണ്ടതില്ല എന്നുള്ള എതിർ വാദങ്ങളും ഉണ്ടായി. ഉദാഹരണമായി പറഞ്ഞത് - അടുത്തകാലത്തു വീഡിയോകളിലൂടെ പുറത്തു വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അഭുമുഖങ്ങൾ പലരെയും അസ്വസ്ഥരാക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ വായിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതു കഴമ്പില്ലാത്തതാണ് എന്നും അഭിപ്രായം ഉണ്ടായി.
കമലാദാസിനെയും, അയ്യപ്പനെയും, ചുള്ളിക്കാടിനെയും, ഹിറ്റ്ലറെയും (അദ്ദേഹം ചിത്രകാരൻ കൂടി ആയിരുന്നു), എം എഫ് ഹുസൈനെയും ഒക്കെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ച കൂട്ടാൻ പലരും ഉദാഹരണങ്ങളായി കൊണ്ടുവന്നു.
കട്ടൻകാപ്പിയും കവിതയും കൂട്ടായ്മ ഇത്തരം കാര്യങ്ങളിൽ വാദമുഖങ്ങളിൽ ഏതെങ്കിലും ഒനിനെ സ്വീകരിച്ചുകൊണ്ടുള്ള നിലപാട് എടുക്കണ്ട കാര്യമില്ല എന്നും, ആരോഗ്യകരമായ തുറന്ന ചർച്ചയിലൂടെ അഭിപ്രായങ്ങളും, വാദ - എതിർ വാദങ്ങളും സമൂഹത്തിൽ എത്തിക്കാനുള്ള വേദി ഒരുക്കുകയും, തദ്വാരാ വ്യക്തികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്നും ഉള്ള നിലപാടിൽ എത്തിച്ചേർന്നു.
"കൃഷ്ണ നീ അറിയുമോ എന്നെ" സുഗതകുമാരിയുടെ കവിത സിന്ധു ആലപിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പറ്റി മുരുകേഷ് പനയറ സംസാരിച്ചു. 'മരുന്ന്' എന്ന കൃതിയെപ്പറ്റി ഫ്രാൻസിസ് ആൻജിലോസ് സംസാരിച്ചു. ചർച്ചകളിൽ 'സ്മാരകശിലകൾ' ഉൾപ്പടെ പല കൃതികളും പ്രതിപാദിക്കപ്പെട്ടു.
കുഞ്ഞബ്ദുള്ളയുടെ 'മരുന്നി'ന്റെ അവസാന ഭാഗത്തു, സുഗതകുമാരിയുടെ 'മൃതിയെ കണ്ണാൽ കണ്ടേൻ' എന്ന കവിതയുണ്ട് എന്നത് അനുചിതമായ ഒരു ആകസ്മികതയായിരുന്നു. ആ കവിത ആദ്യന്തം ഫ്രാൻസിസ് വായിക്കുകയും ചെയ്തു.
- Details
- Category: Reports
2016 ൽ കട്ടൻകാപ്പിയും കവിതയും 8 പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ ചിത്രകലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. 2015 ൽ ആരംഭിച്ച ആർട്ട് പ്രോജക്ടിന്റെ സമാപനവും, ചിത്രകലാ പ്രദർശനവും 2016 ഫെബ്രുവരിയിൽ നടത്തി. നാഷണൽ ഗാലറിയും, റ്റേറ്റ് ബ്രിട്ടൻ ഗാലറിയും സന്ദർശിച്ചു. ചരിത്രകാരനായ ജോസ് ആന്റണിയുടെ കലാ പ്രദർശനത്തിൽ പങ്കെടുക്കുകയും അവിടെവച്ചുതന്നെ ചിത്രകലയെ സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു. ONV കുറുപ്പിനെയും കാവാലം നാരായണപ്പണിക്കരെയും അനുസ്മരിച്ച ചടങ്ങുകളിൽ അവരുടെ രചനകൾ അവതരിപ്പിക്കുകയും അതേപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. നവംബറിൽ കൂടിയ ശരത് സംഗമത്തിൽ ഛായ കയ്യെഴുത്തു മാസികയുടെ ആറാം പതിപ്പ് പ്രകാശനം ചെയ്തു. 2015 പ്രവാസികൾക്കായി നടത്തിയ കവിതാ രചന മത്സരത്തിൽ വിജയിയായ K ഹാഷിമിനെ ആദരിച്ചു. ജനകീയ കലാകാരനായ കലാഭവൻ മണിയെ അനുസ്മരിച്ചു. 'ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ പ്രവർത്തകരായ UK മലയാളികളെ അനുമോദിച്ചു. 'ജനാധിപത്യത്തിന്റെ ഇടനാഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.
- Details
- Category: Reports
2017 ൽ കട്ടൻകാപ്പിയും കവിതയും 10 പരിപാടികൾ സംഘടിപ്പിച്ചു. മഹാകവി കാളിദാന്റെ ഋതു സംഹാരത്തെ അടിസ്ഥാനപ്പെടുത്തി വസന്തോത്സവം സംഘടിപ്പിച്ചു. ഗ്രീഷ്മ സംഗമത്തിൽ അനിതാ തമ്പി തന്റെ കവിതകൾ അവതരിപ്പിക്കുകയും സാഹിത്യ സംബന്ധിയായ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ആഗസ്റ്റിൽ മോഹന വീണാ പാരംഗതനും, ഗായകനും, കവിയുമായ പൊളി വർഗീസ് സംഗീത വിരുന്നൊരുക്കി. ഹിന്ദുസ്ഥാനി, ബോൾ, കബീർ ഗാനങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഉത്തരേന്ത്യൻ സംഗീതത്തിലേക്കുള്ള ഒരു ജാലകമാണ് തുറന്നിട്ടത്. ഹെയ്സിലെ 'റിവർ ഇൻഡസ്' ഗ്രൂപ്പുമായി ചേർന്ന്, 'മലയാളിയും മാനവികതയും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. KALA യും കൗമുദി യൂറോപ്പുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത കവി പ്രഭാ വർമ്മ പങ്കെടുത്തു. സംസ്കാരം നിലനിൽക്കുന്നത് ഭാഷയിലൂടെ ആണെന്നും അതിനാൽ ഭാഷാ പഠനത്തിന് പ്രവാസികളിൽ ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ MAIUK സംഘടിപ്പിച്ച കഥകളിക്കു മുന്നോടിയായി ഒരു മാസം നീണ്ടു നിന്ന കഥകളി ബോധവൽക്കരണം നടത്തി. കഥകളി ആചാര്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി KELI രാമചന്ദ്രൻ നിർമ്മിച്ച 'ആരുണം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം കേരള ഹൗസിൽ 2017 നവംബർ ഒന്നാം തീയതിനടത്തി. തുടർന്നുള്ള ചർച്ചയിൽ രാമചന്ദ്രൻ തന്റെ കലാ-സാഹിത്യാനുഭവങ്ങൾ പങ്കിട്ടു. നവംബർ 19 നു UK യിലെ മലയാളം എഴുത്തുകാരുടെ പ്രഥമ സംഗമം കേരളാ ഹൗസിൽ സംഘടിപ്പിച്ചു. അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ ചിത്രകാരിയും, കവിയുമായ Dr. കവിത ബാലകൃഷ്ണൻ ചിത്രകലയിലും കവിതയിലുമുള്ള തന്റെ അറിവും അനുഭവങ്ങളും പങ്കിട്ടു.
- എഴുത്തോ കഴുത്തോ - report
- മലയാളിത്തവും മാനവികതയും - Report
- ഒരു പ്രവാഹം പോലെ പോളി വർഗീസ് - report
- ഗ്രീഷ്മ സംഗമം 2017 - report
- വസന്തോത്സവം 2017 - report
- ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!
- ശരത് സംഗമം 2016 - report
- സച്ചിദാനന്ദന്റെ കൃതികളിലൂടെ
- ജനകീയമായ മണിമുഴക്കങ്ങൾ - Report
- Report Stevenage 10.10.2015
- കണ്ണൂർ ഷെരിഫിന്റെ 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' - report
- പി. സുജാതനുമായി ഒരു സായാഹ്നം

