Reports
- Details
- Category: Reports
ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടത്തിൽ നിന്നുകൊണ്ട് തന്നെ ആദ്യന്തം കലോപാസന ചെയ്തതും, നാടൻ പാട്ടുകൾക്ക് വലിയ ഒരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതും മലയാളികൾ ഒരുപാടു സ്നേഹിച്ച കലാകാരനായിരുന്ന കലാഭവൻ മണിയുടെ ശ്രദ്ധേയമായ പ്രത്യേകതകളായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ ചടങ്ങിൽ പലരും ഇക്കാര്യം ഊന്നി പറഞ്ഞു. സമ്പന്നതയുടെ ആട്ടവിളക്കിനു മുന്നിൽ നിന്നും കലയെയും സാഹിത്യത്തെയും ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങിളിലേക്ക് പറിച്ചു നട്ട പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു. കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, കാഥികനായിരുന്ന സാംബശിവൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവർത്തകനായിരുന്ന Dr.ഇക്ബാൽ എന്നിവരുടെ പ്രവർത്തനങ്ങളെ പ്പറ്റി പ്രതിപാദിച്ചു. നാട്ടറിവിന്റെ ഭാഗമായ നാടൻ പാട്ടുകളുടെ പ്രസക്തി, അതു നില നിന്നിരുന്ന സാമൂഹിക പശ്ചാത്തലം, നാടൻ പാട്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കലാരൂപങ്ങൾ, മിത്തുകൾ എന്നിവയും ചർച്ചാ വിഷയമായി. നാടൻ പാട്ടുകളും, മണിയുടെ ഗാനങ്ങളും സംഘമായി ആലപിച്ചതു അന്തരിച്ച കലാകാരനുള്ള ആദരമായി. ചടങ്ങിൽ മുരുകേഷ് പനയറ, കനഷ്യസ് അതിപൊഴിയിൽ, ശശി കുളമട, ജൈസൺ ജോർജ്, സിന്ധു സതീഷ്, സജീന്ദ്രൻ, മുരളി മുകുന്ദൻ എന്നിവർ സംവദിക്കുകയുണ്ടായി. സുധീർ നന്ദി പ്രകടിപ്പിച്ചു.
Sat 19 March 2016 - 6.30pm - Kerala house
- Details
- Category: Reports
'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' അന്വർഥമാക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ ഗായകൻ കണ്ണൂർ ഷെരിഫ് അവതരിപ്പിച്ച സംഗീതമേള സദസ്യരെ ഗൃഹാതുരത്വത്തിന്റെ വഴികളിലൂടെ ഏറെ ദൂരം കൈ പിടിച്ചു നടത്തി. മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ, തനിക്ക് എല്ലാ ഗാനങ്ങളും അനായാസമായി വഴങ്ങും എന്ന് തെളിയിച്ച വേദിയിൽ സെമിക്ലാസ്സിക്കൽ, ഫാസ്റ്റ്, ഹാസ്യ, ഗസൽ, പ്രണയ-ശോക-ഭക്തി ഗാനങ്ങൾ തുടർച്ചയായി അവതരിപ്പിച്ചു മുക്തകണ്ഠം പ്രശംസ നേടി. 60-70 കാലഘട്ടങ്ങളിലെ, ശ്രവ്യ ഭംഗികൊണ്ടും അർത്ഥ സമ്പുഷ്ടി കൊണ്ടും മികച്ച മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം മുഹമ്മദ് റാഫി, കിഷോർകുമാർ എന്നിവരുടെ ഹിന്ദി ഗാനങ്ങളും അവതരിപ്പിച്ചു. മലയാളി അസോസിയേഷൻ ഓഫ് ദി UK (mauk.org) യുടെ സംഗീത ട്രൂപ് ആയ 'നിസരി' യും 'കട്ടൻ കാപ്പിയും കവിതയും' ഒത്തു ചേർന്നാണ് ഈ അവിസ്മരണീയമായ കലാവിരുന്ന് ഒരുക്കിയത്. ബാബുരാജിന്റെയും, രാഘവൻ മാസ്റ്ററുടെയും ഏറെ ഗാനങ്ങൾ അവതരിപ്പിച്ച തോടൊപ്പം ബോംബെ രവിയുടെയും, ദേവരാജന്റെയും, രവീന്ദ്രന്റെയും, ശ്രദ്ധേയമായ ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഷെരിഫി നോടൊപ്പം 'നിസരി' യുടെ ഗായകരായ രാജേഷ് രാമൻ, ശ്രേയ സുനിൽ എന്നിവരും, ഉപകരണങ്ങളുമായി അൽബർട്ട് വിജയൻ, വിനോദ് നവധാര, വരുണ് മയ്യനാട്, ഷിനോ തോമസ് എന്നിവരും വേദി പങ്കിട്ടു. സ്ഥിരം ഗാനമേള എന്നതിലുപരി, പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടാണ് ഈ ആസ്വാദനമേള അവതരിപ്പിച്ചത് എന്നത് അനുകരണീയമായ ഒരു പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു. ലാളിത്യത്തിന്റെ മഹനീയ ഉദാഹരണമായ ഷെരിഫ് ആലാപനത്തിനിടയിൽ തന്റെ സംഗീത യാത്രയിൽ താൻ കണ്ട ദൃശ്യങ്ങളും കേട്ട കഥകളും പങ്കുവെച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു. അറിവിന്റെയും ആസ്വാദനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ അഞ്ചാം സംവത്സരത്തിൽ എത്തി നില്ക്കുന്നു. സാഹിത്യ, സാഹിത്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന വേദികളാണ് ഈ സംരംഭം സാധാരണയായി എല്ലാ മാസവും ഒരുക്കുന്നത്. അംഗവരിയോ, സംഘടനാ ചട്ടക്കൂടുകളോ, മത രാഷ്ട്രീയ ചായ്വുകളോ ഇല്ലാത്ത ഈ സംരംഭം mauk യുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകർ നയിക്കുന്നു. സമാന മനസ്കർക്ക് എപ്പോഴും കടന്നു വരാവുന്ന ഈ വേദികൾ സ്വതന്ത്ര ചിന്തക്ക് പ്രാമുഖ്യം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക് kattankaappi.org {gallery}sherif{/gallery}
- Details
- Category: Reports
Report ലണ്ടൻ: ലണ്ടനിലെ പ്രമുഖ മലയാള സംഘടന ആയ മലയാളി അസോസിയേഷന്റെ (MAUK) സാഹിത്യ ചർച്ചാ വേദിയായ 'കട്ടൻ കാപ്പിയും കവിതയും' കൗമുദി യൂറോപ് ഓൺലൈനുമായി സഹകരിച്ചു കേരള പ്രസ് അക്കാദമി പ്രസാധനം ചെയ്ത മലയാളത്തിലെ മുതിർന്ന പത്രലേഖകൻ പി സുജാതന്റെ 'ചരിത്ര സാക്ഷികൾ' മാധ്യമ നഭസിൽ മുന്പേ പറന്നവർ എന്നാ കൃതി ചർച്ച ചെയ്തു. MAUK ആസ്ഥാനമായ മാനർപാർകിലെ കേരള ഹൗസിൽ നടന്ന പരിപാടിയിൽ പ്രിയാവ്രതൻ കഴിഞ്ഞ മൂന്നു വർഷമായി നടക്കുന്ന "കട്ടൻ കാപ്പിയും കവിതയും" എന്ന ചര്ച്ചാ വേദിയുടെ പശ്ചാത്തലം വിവരിച്ചു . കേരള കൗമുദി ലണ്ടൻ ലേഖകൻ മണമ്പൂർ സുരേഷ് അധ്യക്ഷത വഹിച്ചു. ലളിതവും ഒപ്പം ഗഹനവുമായ പി.സുജാതന്റെ ശൈലി പ്രമുഖ നിരൂപകനായിരുന്ന KP അപ്പന്റെ വരെ പ്രശംസ നേടിയെടുത്തിട്ടുണ്ട് . "ചരിത്ര സാക്ഷികൾ മാധ്യമ നഭസിൽ മുന്പേ പറന്നവർ" എന്ന ഗ്രന്ഥത്തിനു പിന്നിൽ ഏറെ നാളത്തെ പഠനമുണ്ടെന്നും അത് പത്ര പ്രവർത്തന ചരിത്രം പഠിക്കാൻ വരുന്നവർക്കും മറ്റു വായനക്കാർകും ഒരു മുതൽക്കൂട്ടാണെന്നും മണമ്പൂർ സുരേഷ് പറഞ്ഞു. ഈ കൃതി എഴുതാനുണ്ടായ കാരണം പി.സുജാതൻ വിവരിച്ചു. കെ ബാലകൃഷ്ണനെപ്പോലും അറിയാത്ത ഒരു പുതിയ തലമുറ പത്രപ്രവർത്തനം പഠിക്കാൻ എത്തുന്നതിനെക്കുറിച്ചുള്ള നിരാശയായിരുന്നു ഈ പുസ്തക രചനയിൽ എത്തിച്ചത്. 28 വർഷം മുന്പ് പത്രപ്രവർത്തനരംഗത്ത് സജീവമായിട്ടുണ്ടാവുകയും മലയാള പത്ര പ്രവർത്തന രംഗത്ത് ഒരു പാട് ട്രെൻഡുകൾ അവതരിപ്പിക്കുകയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും നവീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുകയും മലയാള പത്ര പ്രവർത്തനത്തിന് അമൂല്യവും അപൂർവവുമായ സംഭാവനകൾ നൽകുകയും ചെയ്ത കൗമുദി വാരിക പത്രാധിപർ ആയിരുന്നു കെ ബാലകൃഷ്ണൻ. അങ്ങനെ മണ്മറഞ്ഞ മഹാരഥന്മാരായ പത്രാധിപന്മാരേയും, പത്ര പ്രതിനിധികളേയും പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തെക്കുറിച്ച് വിശദമായ ചർച്ച നടന്നു. 31 പേരെക്കുറിച്ചാണ് "ചരിത്ര സാക്ഷികൾ മാധ്യമ നഭസിൽ മുന്പേ പറന്നവർ" എന്ന കൃതിയിൽ ഉള്ളത്. നൂറു പേരെക്കുറിച്ചെങ്കിലും എഴുതണമെന്നുണ്ടെന്നും അതിന്റെ പുതിയ അദ്ധ്യായങ്ങൾ ഇപ്പോൾ കേരള പ്രസ് അക്കാദമി ഇൻഹൗസ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സുജാതൻ പറഞ്ഞു, സുഗതൻ, KGN നായർ, ബീന പുഷ്കാസ്, അനിൽ, പ്രിയാവ്രതൻ, മണമ്പൂർ സുരേഷ് തുടങ്ങിയവർ പുസ്തകത്തെക്കുറിച്ചും, പത്ര മാധ്യമത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുകയും ചർച്ചയിൽ പങ്കുകൊള്ളുകയും ചെയ്തു. (Report by Suresh Manamboor - http://news.keralakaumudi.com/news.php?nid=cc67240a1161a8fe4059b7ecac12ed3b)

