Blog
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
'ആവിഷ്കാര സ്വാതന്ത്ര്യം' നമ്മുടെ ആവശ്യത്തിനും സൗകര്യത്തിനും വേണ്ടി ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ആയുധമാണ് . ആവിഷ്കരിക്കുന്നതിന്റ ലക്ഷ്യം വിപണിയിലെ ചാകരയാകുമ്പോൾ നഷ്ടപ്പെടുന്നത് സൃഷ്ടിയുടെ നൈർമല്യമാണ് . സമൂഹത്തിന്റെ സകല ചലനങ്ങ ളെയും നിയന്ത്രിക്കുന്നത് വിപണിയാകുമ്പോൾ, സർഗാത്മകതയും ആ വഴിക്ക് പോകുന്നതിൽ അമ്പരക്കാൻ വകയില്ല. മലിന ലക്ഷ്യങ്ങളോടെ സൃഷ്ടി നടത്തുമ്പോൾ പ്രകടമാകുന്നത് മത വൈരവും, രാഷ്ട്രീയ വൈരവും, വ്യക്തി വൈരവും ഒക്കെയാണ്. സർഗാത്മകതയുടെ പച്ചപ്പുകൾ ഇടക്ക് പ്രത്യക്ഷപ്പെട്ടാലും, നിഗൂഡമായ അസൂയയുടെയും, അസഹിഷ്ണുതയുടെയും മുള്ളുകൾ പൊന്തിവരുന്നത് ഇത്തരം സൃഷ്ടികളിൽ പതിവാണ്. അത് ചിലര്‍ക്ക് വേദന സമ്മാനിക്ക്ന്നതു കൊണ്ട് തന്നെ മറ്റു ചിലർക്ക് സന്തോഷം പ്രദാനം ചെയുന്നു. ആവിഷ്കരിക്കുന്നവൻ രാഷ്ട്രീയ-മത-ജാതി-വര്‍ഗീയ ചിന്താ ധാരകൾക്കോ, അത്തരം നേതൃത്വത്തിനോ സ്വന്തം ധിഷണിയും ചിന്തയും പണയം വയ്ക്കുമ്പോൾ, അവനിൽ/അവളിൽ നിന്നും പുറത്തു വരുന്നത് സ്വതന്ത്രമായ സൃഷ്ടികളല്ല.
അവശ്യം വേണ്ടത് പണയം വയ്ക്കാത്ത ധിഷണിയാണ്, സ്വതന്ത്രമായ ചിന്തയാണ്. അങ്ങനെയുള്ള സൃഷ്ടികൾക്കാണ് ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത്.
ഇന്ത്യയിൽ നിരോധിച്ച പുസ്തകങ്ങളുടെ പട്ടിക -
http://en.wikipedia.org/wiki/List_of_books_banned_in_India
ഇന്ത്യയിൽ നിരോധിച്ച സിനിമകളുടെ പട്ടിക
http://en.wikipedia.org/wiki/List_of_films_banned_in_India
പ്രാദേശികമായിട്ടെങ്കിലും നിരോധിക്കപ്പെട്ട കലാ സാംസ്കാരിക അവതരണങ്ങൾ എത്രയോ നമുക്ക് മുന്നിൽ ഉണ്ട്. പട്ടികയിലെ ഓരോന്നിന്റെയും ഉദ്ദേശം എന്താണെന്ന് എനിക്കറിയില്ല. മനുഷ്യനെ കുറച്ചു കൂടി നല്ല മനുഷ്യരാക്കാനുള്ളതായിരുന്നോ, മത-ജാതി-രാഷ്ട്രീയ-വ്യക്തി വൈരത്തിൽ നിന്നും ഊർജം ഉൾക്കൊണ്ടു മുളച്ചു പോന്തിയതാണോ എന്ന് എനിക്ക് നിശ്ചയമില്ല. ആവിഷ്കാര സ്വാതന്ത്ര്യ ത്തിനു വേണ്ടി മുറവിളി കൂട്ടുന്നവരിൽ, എത്ര പേർ ഈ പട്ടികകളിലെ എല്ലാത്തിനും സ്വാതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുമെന്ന് കണ്ടറിയണം. P M ആന്റണി യുടെ 'ക്രിസ്തുവിന്റെ ആറാം തിരു മുറിവ് ' വന്നപ്പോൾ വേദനിച്ചവരും, ആ വേദന കണ്ടു സന്തോഷിച്ചവരും നമുക്കിടയിലുണ്ട്. അതുപോലെ സാൽമൻ റുഷ്ദി യുടെ 'The Satanic Verses' ന്റെ ഒരു മലയാള വിവര്‍ത്തനം ഇറങ്ങാതെ പോയത് , മലയാളത്തിൽ പുരോഗമന വാദികൾ ഇല്ലാത്തതു കൊണ്ടല്ല, വിവർത്തകർ ഇല്ലാത്തതു കൊണ്ടല്ല, പ്രസാധകർ ഇല്ലാത്തതു കൊണ്ടല്ല. വിപണി മാത്രമല്ല നമ്മെ ഭരിക്കുന്നത്, ഭയവും നമ്മെ ഭരിക്കുന്നു. അടിക്കുറിപ്പ് :പുതിയ സിനിമ വരുന്നു; ടി പി 51. കാത്തിരിക്കാം ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പുതിയ തേരോട്ടങ്ങൾക്കായി.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
കവിത എന്തിന്?ആവിഷ്കരിക്കാൻ.എന്തും എങ്ങിനെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുമ്പോൾ അതിനെ കവിത എന്നു വിളിക്കാൻ തോന്നുമോ?തോന്നാറില്ല. കഴിഞ്ഞ കുറെ ആഴ്ചകളിൽ മുഖ്യധാരാ മാധ്യമങ്ങളിൽ കവിത എന്ന തലക്കെട്ടിനു ചോട്ടിൽ വന്ന അക്ഷരകൂട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ സ്വയം ചോദിച്ചു പോയതാണ്. ഉറപ്പായും പലരുടെയും ഉത്തരം പലതായിരിക്കും. എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്നു. ഒറ്റ വരിയിൽ എഴുതി തീർക്കാവുന്ന അക്ഷര കൂട്ടങ്ങളെ മുറിച്ചു പല വരിയിലാക്കിയിരിക്കുന്നു. ഇതിനെ ആണോ കവിതയെന്നു വിളിക്കേണ്ടത് ?എഴുതിയതിന്റെ ആശയം എന്തെന്ന് പലതും വ്യക്തമാക്കുന്നില്ല. അവ്യക്തതയും ഗോപ്യവുമായിരിക്കുന്നതിനെയാണോ കവിതയെന്നു വിളിക്കേണ്ടത്? മാതൃഭൂമി (jan 26) യിൽ വന്ന പി പി രാമചന്ദ്രന്റെ കവിത പറയുന്നതും ഇതു തന്നെ. "വടക്കു കിഴക്കൻ കവികളുടെ വാമൊഴി കേൾക്കെ പക്ഷി സങ്കേതത്തിൽ ചെന്ന പോലെ അർഥ മറിയാ വാക്കുകൾ ..."
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
ആരണ്യാന്തരഗഹ്വരോദരതപ സ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍
ആരന്തര്മ്മുഖപ്രഞ്ചപരിണാ മോത്ഭിന്ന സർഗ്ഗക്രിയാ
സാരം തേടിയലഞ്ഞൂ പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം .
ആ മണ്മെത്തകളാറ്റു നോറ്റ മധുര സ്വപ്നങ്ങളില്‍,
ജീവിത-പ്രേമം പാടിയ സാമഗാനലഹരീ ഹര്‍ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനിക്കെന്നേക്കുമായ് തന്നതാ-
ണോമല്‍ കാര്‍ത്തിക നെയ്വിളക്കെരിയുമീ യേകാന്തയാഗാശ്രമം.
നാദം ശൂന്യതയിങ്കലാദ്യമമൃതം വര്‍ഷിച്ച നാളില്‍ , ഗതോ-
ന്മാദം വിശ്വ പദാര്‍ത്ഥ ശാലയൊരിടത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ ജാലങ്ങളില്‍ , കാലമേനീ
ദര്‍ശിച്ച രസാനുഭൂതി പകരൂ മല് പാന പാത്രങ്ങളില്‍.
ഓരോ ജീവകണത്തിനുള്ളിലുമുണര്‍ ന്നുദ്ദീപ്തമായ്, ധര്‍മ്മ സംസ്-
കാരോപാസനശക്റിയായ്, ചിരതപ സങ്കല്പ്പ സങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ ക്കൊണ്ടാകുവോളം വരെ!
വാളല്ലെന്‍ സമരായുധം,ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍!
താളം രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകി ല്ലെൻ പ്രേമതീർത്ഥങ്ങളില്‍!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിന് പൊന്‍ പൂക്കുല ചാർത്തു മായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള ത്തൊന്നുമ്മ വച്ചീടവേ
വീണക്കമ്പികള്‍ മീട്ടി, മാനവമനോ രാജ്യങ്ങളില്‍ ചെന്നൂ ഞാന്‍;
നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയേ പ്പാദസ്വരം നല്കുവാന്
കാടത്തത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വാല്മീകമു-
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാര്‍ന്നിര കൊണ്ടുവന്ന മനുജാത് മാവിന്റെ കണ്ണീരുമായ്
മൂടല്‍ മഞ്ഞില്‍ മയങ്ങുമെന്നുമിവിടെപ്പൂക്കും വനജ്യോസ്നകള്!
ഞാനിജ്ജാലക വാതിലിന് ചെറുമുളന്തണ്ടില്‍ ഞൊറിഞ്ഞിട്ടതാ-
ണീ നീല തുകില്‍ ശാരദേന്ദുകലയെ പ്പാവാട ചാർത്തിക്കുവാന്‍
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സര്‍ഗ്ഗതപസ്സമാധിയിലിരി ക്കുമ്പോള് കൊടുങ്കാറ്റുകള്‍
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം കൊൾകെ, മുലപ്പാലുമായ്
പാടം നീന്തി വരുന്ന പൗർണമി, നിന ക്കാവട്ടെ ഗീതാഞ്ജലി.
Author - Vayalar Rama Varma
- Details
- Written by: Priyavrathan Sathyavrathan
- Category: Blog

ചിന്തോദ്ദീപകമായ ഒരു പിടി കവിതകൾ മലയാളത്തിനു സമ്മാനിച്ചിട്ട് നിശബ്ദനായി ഡി.വിനയചന്ദ്രൻ കടന്നുപോയി.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
മടുത്തുവോ നിങ്ങള്‍ക്ക് ? വിചിത്ര കല്പ്പനകളുടെയും അതിശയോക്തികളുടെയും അയഥാർത്ഥൄത്തിലും , അവിശ്വസനീയമായ മാന്ത്രികതയുടെ ദൃശ്യ വിസ്മയങ്ങളിലും ഒരു തരം മടുപ്പു തോന്നിത്തുടങ്ങിയോ ?. നിത്യ ജീവിതത്തിലെ യാഥാർത്ഥൄ ങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടങ്ങളാണ് സിനിമയിലും പുസ്തകങ്ങളിലും നമ്മെ കൊണ്ടെത്തിക്കുന്നത് . മാന്ത്രികത ആസ്വാദ്യകരമാണ് , അതിഭാവുകത്വങ്ങള്‍ നമ്മെ തീര്‍ച്ചയായും രസിപ്പിക്കും, 'ഫാന്റസി ' സര്‍ഗാത്മകതയുടെ ബഹിര്‍സ്പുരണമാണ് . എങ്കിലും നമുക്കിതു മടുക്കുന്നുവെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണ് . പുസ്തകവും സിനിമയും കച്ചവടമാകുമ്പോള്‍ വിജയം വരിക്കുന്ന സമവാക്യങ്ങള്‍ അനേക തവണ ആവര്ത്തിക്കപ്പ്ടും. ആവര്‍ത്തനം വിരസതയിലേക്കുള്ള പ്രഥമ പാദമാണ് . 'ഡിജിറ്റല്‍ ആനിമേഷന്‍ ' വിടുക (സത്യത്തില്‍ നിന്നും എത്ര മാത്രം മാറി നില്ക്കാം എന്നതാണ് അതിന്റെ ലക്ഷ്യം എന്നു തോന്നിപപോകും ). സിനിമയില്‍ നമ്മുടെ നായകന്മാര് എന്തൊക്കെ യാണ് കാട്ടിക്കൂട്ടുന്നത് . അസാധ്യമായതു മാത്രം ചെയ്യുന്ന മനുഷ്യ രൂപങ്ങള്‍ . ആദ്യമൊക്കെ ഇതൊരു ഹരമായിരുന്നു. സത്യത്തില്‍ എനിക്കു ബോറടിച്ചു. ഇതിലും ഭേദം ദൈനന്ദിന ജീവിതത്തിലെ കയറ്റിറക്കങ്ങളാണ്.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog

സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിക്കുക. കാല് നൂറ്റാണ്ടിനു ശേഷം ഉറൂബിന്റെ 'രാച്ചിയമ്മ' വീണ്ടും വായിച്ചപ്പോള്‍ ആവര്‍ത്തനത്തിന്റെ വിരസതയല്ല തോന്നിയത് . മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായ 'രാച്ചിയമ്മയെ' മികവുറ്റ താക്കുന്നതെന്താണ് ? രാച്ചിയമ്മ എന്ന ശക്തമായ കഥാപാത്രമോ? അതോ ജീവസ്സുറ്റ കഥാ സന്ദര്‍ഭങ്ങളോ?. രണ്ടുമാകാം. കഥകളിഷ്ടപ്പെടുന്ന മലയാളികള്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ചെറുതല്ലാത്ത ചെറുകഥയാണ് 'രാച്ചിയമ്മ'. Download linkhttp://kattankaappi.org/pdf/raachiyamma.pdf
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
centre 4 M സച്ചിദാനന്ദനുമായി ഒരുക്കിയ സാഹിത്യ സായാഹ്നം തികച്ചും ഒരു നല്ല അനുഭവം ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനവും, മലയാള കവിതയുടെ പരിവര്‍ത്തനത്തിന്റെ നാഴിക കല്ലുകളില്‍ ഊന്നിയുള്ള കവിയുടെ പ്രഭാഷണവും, ചോദ്യോത്തര വേളയും പതിവ് പരിപാടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്കും, ആധ്യാത്മിക, ശ്രിംഗാര, വിഷയങ്ങളില്‍ നിന്നും സാമൂഹിക വിഷയങ്ങളിലേക്കും, വൃത്തത്തില്‍ നിന്നും വൃത്തമില്ലായ്മയിലേക്കും ഒക്കെ ഉള്ള മാറ്റങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. മലയാള ഭാഷക്ക് ഊന്നല്‍ നല്‍കിയതില്‍ തുഞ്ചത്ത് എഴുത്തച്ചനും, സ്ത്രീക്ക് കേവല ശ്രിംഗാര ത്തിനും അപ്പുറത്തുള്ള മാനങ്ങള്‍ നല്‍കിയതില്‍ കുമാരനാശാനും വേറിട്ട് നില്ക്കുന്നു എന്നും അതിനാല്‍ അവര്‍ മാറ്റത്തിന്റെ വക്താക്കളായിരുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു. പരിപാടിക്ക് ശേഷം വിളമ്പിയ സദ്യയും കേമമായിരുന്നു. രസനക്കും, ധിഷണിക്കും ഒരുപോലെ രുചി പ്രദാനം ചെയ്ത Centre 4 M ഈടുറ്റ പരിപാടികള്‍ നടത്തുന്നതില്‍ എന്നും മുന്‍ പന്തിയില്‍ ആയിരുന്നു. Centre 4 M ഉം, അതിന്റെ സംഘാടകനായ ശ്രീമാന്‍ പ്രസേനനും നന്ദി.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
കുളിര്മയുള്ള ചോലയിലെ സ്പടിക തുല്യമായ ജലത്തില്‍ മുങ്ങി നിവര്‍ന്നു വരുന്ന ഒരു പ്രതീതിയാണ് ബഷീറിന്റെ രചനകളിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുള്ളത്. കുട്ടിയായിക്കുമ്പോള്, ബാലയുഗത്തില്‍ (ജനയുഗത്തിന്റെ കുട്ടികള്‍ക്കായിട്ടുള്ള പ്രസിദ്ധീകരണം ) വന്നുകൊണ്ടിരുന്ന ബഷീറിന്റെ സല്ലാപങ്ങള്‍ തുടങ്ങി, ഇപ്പോള്‍ വായിച്ചു നിറുത്തിയ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍' വരെ യുള്ള മിക്ക വായനകളിലും എനിക്കീ അനുഭവം ഉണ്ടായിട്ടുണ്ട്. പ്രദിപാദ്യ വിഷയങ്ങളുടെ സാധാരണത്വ ത്തിനുപരി, പ്രദി പാദന രീതിയിലെ ലാളിത്യവും, കഥാപാത്രങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് അവരില്‍ ഒരാളായി കഥ പറയുന്ന മട്ടും, എന്നെ ഒരുപാട് ആകര്‍ഷിച്ച വിഷയങ്ങളാണ്. ഒന്നുകില്‍ അദ്ദേഹം തനിക്കേറ്റവും നന്നായി അറിയാവുന്ന സമൂഹത്തിന്റെ കഥ പറയാന്‍ മുതിര്‍ന്നതു കൊണ്ടാകാം, ഈ അസാധാരണത്വം രചനകളില്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ തനിക്കു പരിചയമില്ലാത്ത സമൂഹ തലങ്ങളെ പഠിച്ച്, അതിനെ വിഷയങ്ങളാക്കാന്‍ മുതിരാഞ്ഞതാവാം അദ്ദേഹത്തിന്റെ വിജയം. രണ്ടായാലും അദ്ദേഹം കഥാപത്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷ, അവരുമായി എല്ലാ ദൃശ്യ തലങ്ങളിലും, കലപ്പില്ലാതെ ഇഴുകി ചേര്‍ന്നിരിക്കുന്നു. വായന ഒരു വ്യായാമം ആയി മാറുന്നില്ല എന്നതു തന്നെ ആണ് ബഷീറിന്റെ രചനകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം.
- Details
- Written by: Priyavrathan Sathyavrathan
- Category: Blog
പുതിയ സാങ്കേതിക ജ്ഞാനം ഉദിച്ചുയരുമ്പോള്‍ നിലവിലുള്ള ചില കാര്യങ്ങള്‍ മ്യുസിയത്തിലക്ക് മാറ്റേണ്ടതായി വരാറുണ്ട്. transister ന്റെ ആവിര്‍ഭാവത്തോടെ, vacuum tube കള്‍ മ്യുസിയതിലെത്തി. Kindle പോലുള്ള ebook reader കള്‍ പുസ്തകങ്ങളെ മ്യുസിയത്തില്‍ എത്തിക്കുമോ എന്നതാണ് ഈ പുസ്തക ദിനത്തിലെ ആശങ്ക. പുസ്തകങ്ങള്‍ നിരന്തരം വായിച്ചു ശീലമുള്ളവര്‍ക്ക് പേപ്പറുകള്‍ മറിക്കുകയും, വായനക്കിടയില്‍ തുറന്ന പുസ്തകം നെഞ്ചില്‍ വച്ച് ഒന്ന് കണ്ണടക്കുകയും ചെയ്യുമ്പോളുള്ള ഒരു സുഖം kindle നും kobo യ്ക്കും നല്കാന് കഴിയുമോ എന്ന് സംശയം. ഒരു പക്ഷെ, ഡിജിറ്റല്‍ ടെക്നോളജി യില്‍ കണ്ണ് കീറി ഉണരുന്ന പുത്തന്‍ തലമുറയ്ക്ക്, പുസ്തകം ഒരു അനാവശ്യ ബാധ്യതയായി ഭാവിയില്‍ തോന്നുമായിരിക്കാം. പക്ഷെ വിരല്‍ തുമ്പില്‍ എത്തി നല്ക്കുന്ന വിവരങ്ങള്‍ക്കും വിവരണങ്ങള്‍ക്കും പ്രയോജനം ഉണ്ടാവണമെങ്കില്‍ വായന ഒരു ഉത്സവം ആയി മാറിയേ തീരു. പുസ്തകങ്ങള്‍ നീണാള്‍ വാഴട്ടെ എന്ന് ആശിക്കുന്നതിനു പകരം, വായന ഒരു ആഘോഷമായി തീരട്ടെ എന്ന് ഈ പുസ്തക ദിനത്തില്‍ നമുക്ക് ആശംസിക്കാം.

