
നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 98 മത്തെ സർഗ്ഗ സംഗമത്തിലേക്കു സ്വാഗതം. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. പ്രിയവ്രതന്റെ അവതരണത്തോടെ ആരംഭിക്കുന്ന തത്സമയ വീഡിയോ പരിപാടികൾ മുരളീ മുകുന്ദൻ നടത്തുന്ന അവലോകനത്തോടെ അവസാനിക്കുമെങ്കിലും, തത്സമയ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള എല്ലാ സുഹൃത്തുക്കൾക്കും ഈ തട്ടകത്തിൽ അതിനു ശേഷവും പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്. അവതരണങ്ങൾ സാഹിത്യവുമായി ബന്ധമുള്ളതായിരിക്കണം. ഓരോ അവതരണവും പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്. ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല.
Convenience Store എന്നു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ Convenience Story എന്നു കേട്ടിട്ടുണ്ടാവില്ല. സൗകര്യ കഥ. ഭാഷാ പണ്ഡിതന്മാരുണ്ടെങ്കിൽ ക്ഷമിക്കാതിരുന്നിട്ടു കാര്യമില്ല. ഭാഷ തെരുവിലേക്കിറങ്ങിപ്പോയിട്ട് ഒരുപാടു നാളായിപ്പോയി.
എന്തായാലും ഞാനൊരു കഥ പറയാം.
പണ്ടു മൗക്തികൻ എന്നൊരാൾ ബുദ്ധന് ഒരു പൂവു കൊടുത്തു. ബുദ്ധൻ അതു സ്വീകരിച്ചു. ഒരു നിമിഷം നിർന്നിമേഷനായി പൂവിൽ നോക്കി നിന്നശേഷം ബുദ്ധൻ ഇങ്ങനെ പറഞ്ഞു. "മനോഹരമായ പൂവ്". അതിനുശേഷം അദ്ദേഹം ചെയ്തുകൊണ്ടിരുന്ന പ്രവർത്തിയിലേക്കു തിരിഞ്ഞു. അൽപ സമയത്തിനു ശേഷം മൗക്തികൻ ബുദ്ധനോടു ചോദിച്ചു. "ഞാൻ തന്ന പൂവിൽ ഒരു പുഴു ഉണ്ടായിരുന്നല്ലോ. അങ്ങ് അതു കണ്ടില്ലേ?"
ബുദ്ധൻ പറഞ്ഞു "ശരിയാണ് ഒരു പുഴു ഉണ്ടായിരുന്നു. എത്ര മനോഹരമാണ് ആ പുഴു" അതിനുശേഷം അദ്ദേഹം വീണ്ടും ചെയ്തിരുന്ന പ്രവർത്തിയിലേക്കു തിരിഞ്ഞു.
മൗക്തികനു ബുദ്ധനെ വിടാൻ ഭാവമില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോൾ മൗക്തികൻ ചോദിച്ചു "ഞാൻ തന്ന പൂവിന്റെ നല്ലൊരു ഭാഗവും പുഴു തിന്നു കഴിഞ്ഞിരുന്നു. അങ്ങെന്താണ് അതേപ്പറ്റി ഒന്നും പറയാതിരുന്നത്"
ബുദ്ധൻ മൗക്തികനെ അനുകമ്പയോടെ നോക്കിയശേഷം ഇപ്രകാരം മൊഴിഞ്ഞു. "മൗക്തികാ, എന്റെ കണ്ണുകൾ കൊണ്ടു നോക്കിയാൽ അതു കാണില്ല".
പറഞ്ഞുവന്ന കഥ ഇവിടെ തീർന്നു. ചില കണ്ണുകൾ കൊണ്ടു നോക്കിയാൽ സൗന്ദര്യം മാത്രമേ കാണുകയുള്ളു. മനോഹാരിത മാത്രമേ കാണുകയുള്ളു. ചില കണ്ണുകൾ കൊണ്ടു നോക്കിയാൽ നന്മ മാത്രമേ കാണാൻ കഴിയുകയുള്ളു.
ഇനി പ്രധാന കാര്യം പറയാം. മൗക്തികൻ എന്നൊരു പേരുണ്ടോ എന്നെനിക്കറിയില്ല. ഇപ്പോൾ പറഞ്ഞ ബുദ്ധകഥ നിങ്ങൾ എവിടെയും കേട്ടു കാണുകയുമില്ല. കാരണം, അതു ഞാൻ തട്ടിക്കൂട്ടിയെടുത്തതാണ്. ഇതിലെന്താണ് ഇത്ര വലിയ കാര്യം എന്നു നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കും. എത്രയോ കഥകൾ, എത്രയോ ആളുകൾ സൃഷ്ടിച്ചിരിക്കുന്നു. മഹാന്മാരെ മാർക്കറ്റു ചെയ്തു കോർപറേറ്റുകൾ ഉണ്ടാക്കുന്നവർ ഇതുപോലെ എത്ര എത്ര കഥകൾ അവരെപ്പറ്റി നിർമ്മിച്ചിട്ടുണ്ടായിരിക്കും. അതു പിന്നീട് ഐതിഹ്യമായും, ചരിത്രമായും, വിശ്വാസ-ആചാരങ്ങളുടെ ഭാഗമായും മാറിയിരിക്കും! മനുഷ്യനു വേണ്ടതു കഥകളാണ്, അത്ഭുത കഥകൾ. വായ പൊളിച്ചിരുത്തുന്ന നുണക്കഥകൾ. സത്യം അല്ലെങ്കിലും ആർക്കു വേണം?
ഇവിടെയാണ്. സൗകര്യ കഥകളുടെ പ്രസക്തി. നിങ്ങളുടെ സൗകര്യത്തിനു ബുദ്ധനെ ചേർത്തു വച്ചുകൊണ്ടു ഒരു കഥ മെനയാം. ബുദ്ധൻ ഒരിക്കലും നിങ്ങളോടു ചോദിക്കില്ല എന്തിനു തന്നെ കഥാപാത്രമാക്കി ഇങ്ങനെ ഒരു കഥ പടച്ചു എന്ന്. അഥവാ മ്യാൻമാറിലെ ബുദ്ധ ഭിക്ഷുക്കൾ ചോദിക്കുകയാണെങ്കിൽ "ഇതു നിങ്ങളുദ്ദേശിക്കുന്ന ബുദ്ധനല്ല, മറ്റൊരു ബുദ്ധനാണെന്നു പറഞ്ഞു രക്ഷപെടാം.
ഇനി ഞാൻ നിങ്ങൾക്കൊരു പണിതരാം. ഒരു സൗകര്യ കഥ മെനഞ്ഞെടുക്കുക . ലൈവ് ആയി ഇവിടെ അതു അവതരിപ്പിക്കുക.
കഥ നിർമ്മിക്കുക എന്നത് അത്ര വലിയ കാര്യമല്ല. നാമൊക്കെ ഓരോ ദിവസവും എത്ര കഥകളാണ് ഇൻസ്റ്റന്റ് ആയി മെനഞ്ഞെടുക്കുന്നതു? അതൊന്നും എഴുതിപിടിപ്പിക്കില്ല എന്നു മാത്രം. എന്താ ഇന്നു വൈകിയത് എന്നൊരു ചോദ്യം വന്നാൽ നമ്മളൊക്കെ പെട്ടെന്നു ക്രീയേറ്റീവ് ആവും. പിന്നെ കഥകളുടെ ഒരു പ്രവാഹമാണ്. 'വരുന്ന വഴി പണ്ടു കൂടെപ്പഠിച്ച സുഹൃത്തിനെ കണ്ടു' എന്നു കഥ പറഞ്ഞു തുടങ്ങുന്ന ആര്യപുത്രന്മാരും, ധർമ്മദാരങ്ങളുമാണ് നാമൊക്കെ. നാട്ടിലെ ചില കുൽസിത ബുദ്ധികൾ ഇതിനെ 'നുണ' എന്നു പറഞ്ഞു തരം താഴ്ത്തും. അതു കാര്യമാക്കണ്ട.
മറ്റൊരു കാര്യം. സോഷ്യൽ മീഡിയ നിറയെ എഴുത്തുകാരും കവികളുമാണെന്നാണ് പൊതു വിമർശനം. ഭൂമിയിലുള്ള സകല മനുഷ്യരും കവികളാകട്ടെ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്. അക്ഷരങ്ങൾ പെറുക്കി വെക്കുന്നന്ന പരിപാടിയെ അല്ല കാവ്യസൃസ്ടി എന്നു പറയുന്നത്. കാവ്യ രചന ഒരു പ്രോസസ്സ് ആണ്; ഒരു പ്രക്രിയ ആണ്. വാക്കുകൾക്കു പിന്നിൽ ചിന്തകളുണ്ട്. ആ പ്രോസസ്സിലൂടെ കടന്നുപോകുന്ന വ്യക്തി ധാരാളമായി ചിന്തിക്കുകയാണ്. അയാൾ ആന്തരികമായ പരിണാമത്തിനു വിധേയനാവുകയാണ്. അതുകൊണ്ടു നമ്മൾ രണ്ടാം ക്ലാസുകാരൻ ഒന്നാം ക്ലാസുകാരനെ കാണുന്നതുപോലെ പുതിയ എഴുത്തുകാരെ കാണാതിരിക്കാം. രചനയെ വിമർശിക്കാം, രചയിതാവിനെ ഉയർത്താം. നമുക്കു മുകളിൽ മൂന്നാം ക്ലാസും, നാലാം ക്ലാസും ഒക്കെയുണ്ട്. എല്ലാ മനുഷ്യരും കവികളാകട്ടെ. അതിനു ശേഷം, മൃഗങ്ങളും, ഉരഗങ്ങളും, വിഹഗങ്ങളും, ജല ജീവികളും, കീടങ്ങളും, സൂക്ഷ്മാണുക്കളും കവികളാകട്ടെ.
വ്യവസായ വിപ്ലവത്തോടെ പുതിയ ദിശയിലേക്കു തിരിഞ്ഞ മനുഷ്യകുലത്തിനു മറ്റൊരു ദിശയിലേക്കു തിരിയാനുള്ള ഹേതുവാണ് ഈ കൊറോണ ഇടപെടൽ. പോസ്റ്റ് കൊറോണ അഥവാ കൊറോണാന്തര കാലമാണ് അടുത്ത ശനിയാഴ്ച നമ്മുടെ പ്രധാന ചർച്ചാ വിഷയം. കൂടുതൽ ഉത്തരവാദിത്തത്തോടെ മനുഷ്യ കുലം മാറുമോ എന്നതാണ് പ്രധാന ചോദ്യം. വിവിധ മേഖലകളിൽ പ്രാഗൽഭ്യമുള്ളവർ ചർച്ചയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 134340.
CyberMeet 8 - Live Presentations on Saturdays from 4pm (UK), 8.30(India).
Intro -Priyavrathan
Talk - Athijeevanam Thirichariviloode' -K P Ramanunni
MAUK corona support update -MAUK Director
Art of story Telling -Sreekumar K
UK Corona update -Canatious Athipozhiyil
Poetry of Veerankutty -Dr.Playiparambil Mohamed Ali
Ormakkurippu - Pazhampuranam' -Jobi Joseph
'Nawaab...Ormakkurippu' -Dr.Shafy Kalakkattil Muthalif
Kadha 'Mike Nanappan' -Mathew Dominic
Story -J P Nangani
Conclusion -Muralee Mukundan
പ്ലാൻ ചെയ്‌ത പരിപാടികൾ ഇവിടെ അവസാനിക്കുന്നു എങ്കിലും, നല്ലതെന്നു നിങ്ങൾക്കു ഉറപ്പുള്ള പരിപാടികൾ ഇതേ തുടർന്ന് അവതരിപ്പിക്കാം. അതു നിങ്ങളുടെ സ്വന്തം രചനകളാവാം, ശ്രദ്ധേയമായ മറ്റുള്ളവരുടെ രചനകളാകാം, നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റിയാവാം, ജീവിത ത്തോടൊട്ടി നിൽക്കുന്ന ഒരനുഭവമാകാം. പത്തു മിനിറ്റിൽ കവിയരുത്. വിദ്വേഷം പടർത്താനും, വ്യക്തികളെ ആക്ഷേപിക്കാനും, മത-രാഷ്ട്രീയ പ്രചാരണത്തിനും ഈ വേദി ഉപയോഗിക്കരുത്.
കട്ടൻ കാപ്പിയും കവിതയും സംഘടിപ്പിച്ച 98 മത്തെ പരിപാടിയായ സൈബർമീറ്റ് 8 ൽ പങ്കെടുത്തു ലൈവ് ആയി പരിപാടികൾ അവതരിപ്പിച്ച ഓരോ വ്യക്തിയോടും നന്ദിയും കടപ്പാടും അറിയിക്കുന്നു.
അടുത്ത ശനിയാഴ്ച May 2 നു ലൈവ് ആയി പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം

