എറണാകുളത്തുള്ള തൃപ്പുണിത്തറ സ്വദേശിയായ പ്രൊഫ : ഗോപാലകൃഷ്ണന്‍ ബിരുദാനന്തരം, ദന്ത ചികിത്സയില്‍ ഡിഗ്രിയും, പോസ്റ്റ്ഗ്രാഡുവേഷനും കഴിഞ്ഞ ഒരു എഴുത്തുകാരനാണ്. കുട്ടികളുടെ ദന്ത ചികിത്സയില്‍ ഇന്ത്യയിലും വിദേശത്തും അദ്ധ്യാപകനായിരുന്നു. പിന്നീട് മഹാത്മാ ഗാന്ധി പഠിച്ച, ലോകത്ത് സ്ത്രീകള്‍ക്ക് ആദ്യമായി യൂണിവേഴ്സിറ്റി പ്രവേശനം നല്‍കിയ ലോക പ്രസിദ്ധമായ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനില്‍ “പബ്ലിക് ഹെല്‍ത്ത് ആന്റ് എപിടെമിയോളജിയില്‍” PhD ചെയ്യാനാണ് പ്രൊഫ :ഗോപാലകൃഷ്ണന്‍ ലണ്ടനില്‍ എത്തുന്നത്. അതൊരു ഗവേഷണ രംഗത്തെ ഔദ്യോഗിക പദവിയിലേക്ക് നയിച്ചു. ലോക നിലവാരം പുലര്‍ത്തുന്ന മറ്റൊരു യൂണിവേഴ്സിറ്റിയായ ഇമ്പീരിയല്‍ കൊളേജിലായി തുടര്‍ന്നുള്ള പത്ത് വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ഇപ്പോഴും ഈ രണ്ടു യൂനിവേഴ്സിടികളിലും ഓണററി പ്രൊഫസറായി സേവനം അനുഷ്ട്ടിക്കുന്നു. ഒപ്പം യൂനിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്റെ 'ഇന്‍സ്ടിട്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റി'ല്‍ പ്രൊഫ: ഓഫ് പബ്ലിക് ഹെല്‍ത്ത് - പദവിയില്‍ ഔദ്യോഗിക ജീവിതവും തുടരുന്നു.
നല്ലൊരു നാടകകൃത്തും, എഴുത്തുകാരനുമായ ഡോ: ഗോപാലകൃഷ്ണന്‍, ശ്രീരാമനെ ആധുനിക കാലഘട്ടത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് പുരുഷ മേധാവിതത്വത്തെ വിലയിരുത്തിയ നാടകവും, അതേപോലെ തന്നെ ചന്തുമേനോന്റെ ഇന്ദുലേഖ അവസാനിക്കുന്നിടത്തും നിന്നും, ഇന്ദുലേഖയുടെ ബാക്കിപത്രമായി ഇദ്ദേഹം എഴുതിയ നാടകവും വളരെ പ്രസിദ്ധവും, രംഗത്തവതരിച്ചപ്പോൾ വളരെയധികം പ്രശംസയും നേടിയിരുന്നു.
ലണ്ടനിലുള്ള എല്ലാ തരം സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയും, ആയതിനൊക്കെ മുന്നിട്ടുനിൽക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ സാംസ്കാരിക നായകൻ കൂടിയാണ് ഈ പ്രൊഫസർ.
പ്രമേഹം കൊണ്ടുള്ള അന്ധത എളുപ്പം കണ്ടെത്തുവാൻ ബ്രിട്ടനിൽ നിന്നുള്ള ഭീമൻ സഹായ ഹസ്തവുവുമായി ഇന്ത്യയിലേക്ക് പോകുന്ന വിദഗ്ദ്ധസമിതിയിലെ രണ്ട് മലയാളികളിൽ ഒരാൾ കൂടിയാണ് ഈ ഡോക്ട്ടർ.
എഴുത്തുകാരനും ചിന്തകനും ആയ NS മാധവന്റെ അനുജനാണ് ഡോ : ഗോപാലകൃഷ്ണന്‍ നെട്ടുവേലി.


