രണ്ടായിരത്തി ആറു മുതൽ യു.കെ.യിൽ കുടുംബസമേതം വസിക്കുന്ന സാബു ജോസ് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല" സാംസ്കാരിക സംഘടനയുടെ പ്രസിദ്ധീകരണമായ പാംലീഫിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ലണ്ടൻ മലയാള സാഹിത്യവേദി രണ്ടായിരത്തി പത്തിൽ നടത്തിയ സാഹിത്യ രചനാമത്സരത്തിൽ കഥാവിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
കോട്ടയം ജില്ലയിൽ കുറുമുള്ളൂർ എന്ന കൊച്ചുഗ്രാമമാണ് ജന്മദേശം. കുറുമുള്ളൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, കൈപ്പുഴ സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ, റസ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നീണ്ടൂർ ഗവ:കോളജ് കോട്ടയം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ഒണം തുരുത്ത് ഗോപകുമാറിന്റെ ശിക്ഷണത്തിൽ ഗിറ്റാറിൽ (കർണാടിക്) പ്രാഥമിക പരിശീലനം നേടി. തുടർന്ന് കോട്ടയത്ത് ഒമാക്സ് സ്‌കൂൾ ഓഫ് മ്യൂസിക്കിൽ പ്രശസ്ത സംഗീതസംവിധായകൻ ഏ.ജെ. ജോസഫിന്റെ ശിക്ഷണത്തിൽ ഗിറ്റാർ (വെസ്റ്റേൺ) പരിശീലിച്ചു. ചർച്ച് കൊയറിലൂടെ സംഗീതരംഗത്ത് പ്രവേശിച്ചു. അറിയപ്പെടുന്ന ഗാനമേള ട്രൂപ്പുകളിൽ ഗിറ്റാറിസ്റ്റായി സഹകരിച്ചിട്ടുണ്ട്. ദീപിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം (ഡിജാം) കോഴ്‌സിൽ നിന്നും ജേർണലിസം ഡിപ്ലോമ നേടി. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ക്നാനായ സമുദായ മുഖപത്രമായ അപ്നാദേശിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.
ലെസ്റ്ററിൽ "സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക്" എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു. "ലെസ്റ്റർ ലൈവ് കലാ സമിതി" എന്ന പേരിൽ ലൈവ് മ്യൂസിക്കിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സമിതിയിൽ സമാന മനസ്കരായ ഒട്ടേറെ കലാകാരൻമാർ പിന്തുണയുമായി കൂടെയുണ്ട്.
സാബുവിന് കലാസാഹിത്യസ്‌നേഹി എന്ന പേരിൽ ഒരു ബ്ലോഗുമുണ്ട്.
ഭാര്യ: ബിനി, മക്കൾ: ശ്രുതി, ശ്രേയ....

