ലണ്ടനിലും, മാഞ്ചസ്റ്ററിലെ സ്റ്റോക് പോർട്ടിലുമായി വസിക്കുന്ന നിത്യ സഞ്ചാരിയായ കോട്ടയത്ത് ജനിച്ച് വളർന്ന് , 1972 മുതൽ ഡൽഹിയിലും, പിന്നീട് ലിബിയായിലും, ആസ്ട്രിയയിലും, ജനീവയിലുമൊക്കെ പ്രവാസിയായി കഴിഞ്ഞ ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ച ഒരു ബഹുഭാഷ പണ്ഡിതനാണ് അലക്സ് കണിയാംപറമ്പിൽ. ലളിത സുന്ദരമായ ഭാഷയിൽ അനുവാചകരെ കൊണ്ട് എന്തും വായിപ്പിക്കാനുള്ള അപാരമായ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. അലക്സ് കണിയാംപറമ്പിലിന്റെ 'റഷ്യ , പോളണ്ട് 'തുടങ്ങിയ കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളെ കുറിച്ചുള്ള സഞ്ചാരം വിവരണങ്ങൾ - ഫോട്ടോകളും , വീഡിയോകളും , ചരിത്രങ്ങളും സഹിതം എഴുതിയിട്ടതൊക്കെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും , ഇദ്ദേഹത്തിന്റെ ബ്ലോഗ്ഗായ ചരിത്രം , യാത്രകൾ എന്നിവയുമൊക്കെ അനേകം വായനക്കാരുടെ ഇഷ്ട്ട വിഭവങ്ങളാണ്.
ആരെയും ഭയപ്പെടാതെ അക്ഷരത്തിന്റെ പടവാളുകൊണ്ട് ഒരു ഒറ്റയാൾ പട്ടാളമായി നിന്നുകൊണ്ട് സമൂഹത്തിലേയും., സമുദായത്തിലേയും പല അനീതികൾക്ക് എതിരെ പോരാടുവാനുള്ള ഇദ്ദേഹത്തിന്റെ വീറും വാശിയും ത്രാണിയും ഒന്ന് വേറെ തന്നെയാണ്... !
യു. കെയിൽ നിന്നും സാഹിത്യ സംബന്ധമായ കഥകളും, കവിതകളും, ലേഖനങ്ങളുമായി ആദ്യമായി ഇറങ്ങിയ ഒരു പ്രിന്റഡ് പത്ര മാസികയായ 'പ്രവാസ രശ്‌മി 'യുടെ ഉടയോനും , പിന്നീട് പുറത്തിറക്കിയ 'ബിലാത്തി മലയാളി' യുടെ അധിപനും പത്രാധിപരും കൂടിയായിരുന്നു ഇദ്ദേഹം. പഴയ കാലത്തുള്ള പല മലയാളം ബ്ലോഗേഴ്സിന്റെയും നല്ല രചനകൾ പ്രഥമമായി ഒരു പ്രിന്റഡ് മീഡിയയിലൂടെ വന്നതും , അന്നുണ്ടായിരുന്ന ഈ 'ബിലാത്തി മലയാളി'യിൽ കൂടിയാണ്...

