തിരുവനന്തപുരത്തിന്റേയും, കൊല്ലത്തിന്റേയും അതിർത്തിപ്രദേശമായ കുളമട എന്ന ഗ്രാമത്തിൽ നിന്നും യു.കെ യിലെത്തിയ കലാകാരനാണ് ശശി എസ് കുളമട .മലയാള നാടവേദിയിലെ അനുഗ്രഹീത നാടകകൃത്തും, സംവിധായകനുമായ ശ്രീ.രാജൻ കിഴക്കനേലയുടെ നേതൃത്വത്തിലുണ്ടായിരുന്ന "പ്രതിഭ" തീയറ്റേഴ്സ് ആയിരുന്നു ആദ്യ തട്ടകം. 1986 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു. കെ യുടെ പ്രവർത്തകനായി. മലയാളി അസോസിയേഷന്റെ നാടക സമിതിയായ "ദൃശ്യകല" യുടെ സ്ഥാപകരിൽ ഒരാൾ. ആദ്യനാടകമായ 'പുരപ്പുറത്തൊരു രാത്രി' 1989 ൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിൽ സംവിധായകൻ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനുള്ള ഭാഗ്യമുണ്ടായി. തുടർന്ന് ചെറുതും, വലുതുമായി 18 ഓളം നാടകങ്ങളിൽ അഭിനയിയ്ക്കുകയും, 5 നാടകങ്ങൾ സംവിധാനവും ചെയ്തു. 1998 ൽ ദൃശ്യകല അവതരിപ്പിച്ച " പന്ത്രണ്ട് മക്കളെ പെറ്റൊരമ്മ" യാണ് ശശി ആദ്യമായി സംവിധാനം ചെയ്ത നാടകം. തുടർന്ന് രാജൻ കിഴക്കനേല തന്നെ രചന നിർവ്വഹിച്ച വരികഗന്ധർവ ഗായക, ആര്യവൈദ്യൻ വയസ്കരമൂസ്സ്, കുഞ്ചൻ നന്പ്യാർ, നിറ നിറയോ നിറ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു.1993 ൽ ശ്രീ.ശിവാനന്ദൻ കണ്വാശ്രമത് രചിച്ച "പണത്തിന്റെ വികൃതി" എന്ന ഓട്ടൻ തുള്ളൽ, ശ്രീ.വെട്ടൂർ . ജി .കൃഷ്ണൻകുട്ടി രചിച്ച "വിൽപ്പാട്ട് " 2003 ൽ "അനീസ്യ" കഥാപ്രസംഗം എന്നിവയും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
2005 ൽ തനത് ഓണാഘോഷ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് "പൊന്നോണക്കാഴ്ച",യും 2007 ൽ കഥയും, സംവിധാനവും നിർവഹിച്ച "തിരുവോണക്കാഴ്ച", 2009 ൽ അവതരിപ്പിച്ച "പൊന്നോണപ്പൂത്താലം" എന്നിവ ശശി യുടെ പ്രധാന ഓണപ്പരിപാടികളാണ്.
2009 ശ്രീനാരായണ ഗുരു മിഷന് വേണ്ടി കഥയും,സംവിധാനവും നിർവഹിച്ച "ശുക്രനക്ഷത്രം", " ഗുരുവന്ദനം", കാഥികരത്നം പ്രൊഫസർ: വി . സാംബശിവന്റെ വിഖ്യാതമായ മഹാകവി കുമാരനാശാൻ എന്ന കഥാപ്രസംഗത്തിന്റെ ദൃശ്യാവിഷ്കാരം "സ്നേഹഗായകൻ" എന്ന പേരിൽ അവതരിപ്പിയ്ക്കപ്പെട്ടു.
2008 ൽ "കേളി " എന്ന കലാസമിതി രൂപീകരിയ്ക്കുകയും, എല്ലാവർഷവും കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിയ്ക്കുകയും ചെയ്തു വരുന്നു. "കേളി" യുടെ പേരിൽ ചർച്ചകളും, "സ്മൃതി സന്ധ്യ" പോലുള്ള സംഗീത പരിപാടികളും സംഘടിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.
2004 - ൽ സുഹൃത്ത് ശ്രീ. എസ്.ജെ. ഹാരീസ് മായി ചേർന്ന് നൂറിലധികം നാടക കലാകാരന്മാരെ ആദരിയ്ക്കുകയും, നാടക പ്രവർത്തകരെ കുറിച്ചുള്ള "അരങ്ങ്" എന്ന പേരിൽ ഒരു ഓർമ്മപ്പതിപ്പും ഇദ്ദേഹം ഇറക്കുകയുണ്ടായി.

