Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

Email Advertisement of first meeting of Kattankaappiyum Kavithayum

(ആ മഹത്തായ തുടക്കം ഇവിടെനിന്നായിരുന്നു. screenshot of the email newsletter shown above.)

അനുഭവങ്ങൾ സൃഷ്ടിയുടെ ചോദനയാണെങ്കിൽ  പ്രവാസികളുടെ ജീവിതം  സൃഷ്ടിയുടെ  ഈറ്റില്ലമാണ്.  വ്യത്യസ്തങ്ങളായ അനുഭവങ്ങളിലൂടെ  നിരന്തരം കടന്നു പോകുന്ന അവരുടെ ജീവിത്തിൽ നിന്നും പ്രോജ്ജ്വലമായ രചനകൾ വിരളമായി മാത്രം സംഭവിക്കുന്നുവെങ്കിൽ അതിനു കാരണം എഴുത്തിനെ പ്രോത്സാഹി പ്പിക്കുന്ന മറ്റു ചില ഘടകങ്ങൾ അവർക്കു  ലഭ്യമല്ല എന്നുള്ളതാണ്. 2010 ൽ ലണ്ടനിൽ ആരംഭിച്ച 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ പ്രധാനമായി ലക്ഷ്യമിടുന്നത്  പ്രവാസികളിൽ രചനക്കുതകുന്ന ഒരു ചുറ്റുപാട് സൃഷ്ടിക്കുക എന്നുള്ളതാണ് . തിരക്ക് നിറഞ്ഞ ജീവിതത്തിൽ, സാഹിത്യ സംബന്ധിയായ ചിന്തകൾ ബോധപൂർവം കടത്തിവിടുക, രചനകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക, വായനക്കാരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുക, ആരോഗ്യകരമായ വിമർശനത്തിനു വായനക്കാരെ സജ്ജരാക്കുക, വിമർശനത്തെ എഴുത്തിന്റെ മേന്മ ഉയർത്താനുള്ള സംവിധാനമായി കാണാൻ പ്രേരിപ്പിക്കുക, എല്ലാത്തിനും ഉപരിയായി മലയാള സാഹിത്യ കുതുകികളുടെ വലിയ ഒരു സൗഹൃദം കേരളത്തിന്‌ പുറത്തു വാർത്തെടുക്കുക    - ഇവയൊക്കെയാണ്   'കട്ടൻ കാപ്പിയും കവിതയും' ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘടനകൾക്കുപരിയായുള്ള സൌഹൃദമാണ്  ഇതിനായി കാംക്ഷിക്കുന്നതും.  എല്ലാ മാസവും വട്ടത്തിൽ കൂടിയിരുന്നു കട്ടൻ കാപ്പിയും നുണഞ്ഞുള്ള തുറന്ന ചർച്ചകളിൽ ഓർമയിൽ തങ്ങി നില്ക്കുന്ന കഥകളും കവിതകളും മാത്രമല്ല വിഷയ മായി മാറുന്നത്. എല്ലാതരത്തിലുള്ള സാഹിത്യ സൃഷ്ടികളും, സമകാലീന വിഷയങ്ങളും, പരിസ്ഥിതിയും,  ചരിത്രവും, സാമൂഹിക മാറ്റങ്ങളും ഒക്കെ വിഷയീഭവിക്കുമ്പോൾ, സംവാദത്തിൽ ചിതറി വീഴുന്ന തീപ്പൊരികൾ, ചിന്തകൾക്കു വഴിതെളിക്കുന്നു. അനൗപചാരികത മുഖമുദ്രയാക്കിയ ഓരോ സംഗമവും പകർന്നു തരുന്ന ഊർജം, ധൈഷണികമായ വെല്ലുവിളികൾ ഏറ്റെടുക്കാനും, സ്വന്തം നിലപാടുകളെ ചോദ്യം ചെയ്യാനുമുള്ള ശക്തി പകർന്നു തരുന്നു. 

2017 നവംബർ 19 നു യുകെയിലെ  മലയാളി എഴുത്തുകാരുടെ ആദ്യത്തെ ദേശീയ സംഗമം കട്ടൻകാപ്പിയുടെ നേതൃത്വത്തിൽ കേരളാഹൗസിൽ വച്ചു നടത്തപ്പെട്ടു. ഈ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളം എഴുത്തുകാരും, ഭാഷാസ്നേഹികളും ഇദംപ്രഥമമായി ഒത്തുകൂടി. 2019 മാർച്ച് 23 നു, യുകെയിലെ മലയാളം എഴുത്തിന്റെ 100 -ആം വാർഷികവും, മലയാളം എഴുത്തുകാരുടെ രണ്ടാം ദേശീയ സംഗമവും കേരളാഹൗസിൽ വച്ചു കൊണ്ടാടി. 

2019 അവസാനത്തോടെ കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ 90 പരിപാടികൾ നടത്തുകയുണ്ടായി. ഈസ്റ്റ് ലണ്ടനിലെ കേരളാഹൗസിന്റെ ചുറ്റുവട്ടത്തിനു പുറത്തേക്കു വളർന്നു  വലുതായ കട്ടൻകാപ്പിയുടെ ആസ്വാദകവൃന്ദത്തെ സംഗമങ്ങളിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 2020 ജനുവരിമുതൽ ഓൺലൈൻ സംഗമങ്ങൾ നടത്താൻ കട്ടൻകാപ്പി തീരുമാനിച്ചത്. ഫേസ്ബുക്ക് തട്ടകത്തിൽ ലൈവ് വീഡിയോകളായിട്ടായിരുന്നു വിജയകരമായിത്തീർന്ന ആ സംരംഭം നടത്തപ്പെട്ടത്. 2020 ജനുവരി 25 നു ആദ്യ സൈബർ മീറ്റ് വിജയകരമായി നടത്തപ്പെട്ടു. 

മാർച്ചു മാസം 24 നു  Covid lock-down ഈ രാജ്യത്ത് ആരംഭിച്ചു.  ഇക്കാരണത്താൽ, അതിനു മുൻപേ തുടങ്ങിവച്ച ഓൺലൈൻ സംഗമങ്ങൾ അതേപടി തുടരാൻ തീരുമാനിച്ചു. 2021 അവസാനിക്കുമ്പോൾ കട്ടൻങ്കാപ്പിയും കവിതയും അർത്ഥവത്തായ  131 പരിപാടികൾ പൂർത്തീകരിച്ചു. സൈബർ മീറ്റുകൾ, Facebook, Club-house , Zoom തട്ടകങ്ങളിൽവച്ചു നടത്തപ്പെട്ടു. അറിയപ്പെടുന്നവരും, പ്രഗത്ഭരും, വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായ ധാരാളം വ്യക്തികൾ പരിപാടികളിൽ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. 

('കട്ടൻ കാപ്പിയും കവിതയും' അവാർഡുകൾ നല്കാറില്ല.)