
നിങ്ങളുടെ രചനകൾ സൈബർമീറ്റിൽ അവതരിപ്പിക്കാം! താഴെയുള്ള ലിങ്കിൽ പോവുക.
സൈബർ മീറ്റിൽ എങ്ങനെ പങ്കെടുക്കാം
"എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ"
കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന 95 മത്തെ സർഗ്ഗ സംഗമത്തിലേക്കു സ്വാഗതം. ഈ വർഷം ജനുവരി മുതൽ നമ്മൾ സൈബർ തട്ടകത്തിൽ ഒത്തു കൂടുന്നു. ഈ വേദി അനൗപചാരികമാണ്. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞു 4 മണി മുതൽ ആരംഭിക്കുന്നു. അവതരിപ്പിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
£വെട്ടിനിരത്തി മഹാവ്യാധികൾ മുദാ
പൊട്ടിച്ചിരിച്ചുല്ലസിച്ചെങ്കിലും,
ഹസ്തിപോൽ വന്നു കുലുക്കിക്കുടഞ്ഞെട്ടു
ദിക്കും തകകർത്തു കടന്നെങ്കിലും"
മുഗ്ദ്ധമിജ്ജീവിതം കജ്ജളത്തിൽ നിന്നു
പൊട്ടിച്ചെനയ്ക്കുന്ന പങ്കേരുഹം.
എങ്കിലുമെത്ര മനോഹരം ജീവിതം
ചെന്താമരപ്പൂ വിരിഞ്ഞപോലെ."
മനുഷ്യർ മാത്രമല്ല, എല്ലാ ജീവ ജാലങ്ങളും അങ്ങനെ തന്നെയാണ്. കജ്ജളത്തിൽ നിന്നും പൊട്ടി ച്ചെനച്ചു വസന്തം വിരിയിക്കും. ഏതു തരത്തിലുമുള്ള പ്രതിബന്ധങ്ങളിൽനിന്നും അതിജീവനത്തിന്റെ വഴികൾ നിരന്തരം തേടിക്കൊണ്ടിരിക്കും. ഈ കൊറോണ കാലത്തും അങ്ങനെ തന്നെയാണ്. നമ്മൾ അതിജീവിക്കും.
ഇനി മറ്റൊരു കാര്യം പറയാം. ഇത്തവണ നാട്ടിൽ നിന്നും വന്നപ്പോൾ ജയ എനിക്കു സമ്മാനിച്ച പുസ്തകമാണ് 'രക്ത പുഷ്പങ്ങൾ". നക്ഷത്രങ്ങളുടെ പ്രേമഭാജനമായ, മരണമില്ലാത്ത കവി, ചങ്ങമ്പുഴയുടെ 15 കവിതകളുടെ സമാഹാരം. ഇതിലാണ് പ്രസിദ്ധമായ "വാഴക്കുല" ചൂളയ്ക്കിട്ടത്. എങ്കിലും എന്നെ ഇപ്പോൾ ആകർഷിച്ചത് "കൊടുങ്കാറ്റു കഴിഞ്ഞു" എന്ന കവിതയാണ്.
"യുദ്ധം കഴിഞ്ഞു; - പടക്കളത്തിങ്ക, ലീ -
ത്തപ്താശ്രുവും തൂകി നിൽപ്പവളാരു നീ"
എന്നു തുടങ്ങുന്ന കവിത എഴുതിയത് ഏതു വർഷമാണ് എന്നു വ്യക്തമല്ല. എങ്കിലും പുസ്തകത്തിന്റെ ആദ്യ പതിപ്പു പുറത്തു വന്നത് 1941 ൽ ആയിരുന്നു. അതായത് രണ്ടാം ലോകമഹാ യുദ്ധ കാലത്തു. ഒന്നാം ലോകമഹാ യുദ്ധത്തിനു മുൻപേ ജനിച്ച ആളാണ് ചങ്ങമ്പുഴ. അദ്ദേഹം കുറച്ചുകാലം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.
അതുകൊണ്ടൊക്കെയാവാം അദ്ദേഹം ഇങ്ങനെ പാടുന്നു.
"യുദ്ധത്തിനെക്കൊണ്ടോരിക്കലുമാവുകി-
ല്ലുദ്ധരിച്ചീടാൻ സമാധാനനീതികൾ"
കൊലപാതകം ചെയ്ത കുറ്റവാളിയെ കൊലപാതകം ചെയുതു നാട്ടുകാർക്കു കാട്ടിക്കൊടുക്കുന്ന ലോജിക്കാണ് സമാധാനത്തിനായി യുദ്ധം ചെയ്യുക എന്നതും.
കവിതയുടെ അവസാനം യുദ്ധക്കളത്തിൽ തപിച്ച അശ്രുധാര തൂകി നിൽക്കുന്നതാരെന്നു സ്വയം വെളിപ്പെടുത്തുന്നു.
"ആരു ഞാനെന്നോ ? - പറയാം, കവേ, തവ
ചാരു വിശാല സങ്കൽപ്പത്തിനപ്പുറം
തൂ വെൺകതിരൊളി വീശി, മനുഷ്യനെ
ദേവനാക്കീടുമാ 'പ്രേമ' മാകുന്നു ഞാൻ!!!"
സ്നേഹത്തെ പ്രകീർത്തിച്ചു പാടാത്ത ഏതു കവിയുണ്ടുലകിൽ?
"സ്നേഹമാണഖില സാരമൂഴിയിൽ" എന്നു പാടിയ സ്നേഹ ഗായകനായ കുമാരനാശാൻ
"സ്നേഹമേ പരം സൗഖ്യം സ്നേഹ ഭംഗമേ ദുഃഖം
സ്‌നേഹമെ ദിക്കാലാതിവർത്തിയായ് ജയിക്കാവൂ" എന്നു ജി ശങ്കരക്കുറുപ്പ്.
"ഒരൊറ്റ മതമു ണ്ടുലകി ന്നു യിരാം പ്രേമമതൊന്നല്ലോ
പരക്കെനമ്മെ പാലമൃതൂട്ടും പാർവണ ശശി ബിംബം" എന്നു പ്രേമ സംഗീതത്തിലൂടെ ഉള്ളൂർ.
കൊറോണയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ചങ്ങമ്പുഴ ഈ കവിതയിൽ പറയുംപോലെ
"എന്റെ കണ്ണാടിയിൽകൂടി നോക്കീടുകിൽ
കണ്ടിടാമൊന്നായ് വിഭിന്നരാം മർത്ത്യരെ"
നമുക്ക് സ്നേഹത്തിന്റെ കണ്ണാടിയിലൂടെ വിഭിന്നരായ മർത്ത്യരെ നോക്കിക്കാണാം.
ഇനി നമുക്ക് ഇന്നത്തെ സൈബർ മീറ്റിലെ വിഭവങ്ങൾ എന്തൊക്കെയെന്നു നോക്കാം. ശബ്ദ ഭംഗികൊണ്ട് മലയാളിയെ ഏറെ വശീകരിച്ച വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയിലെ പ്രസക്ത ഭാഗങ്ങൾ നമ്മുടെ പ്രിയപ്പെട്ട ഗായകൻ രാജേഷ് രാമൻ ആലപിക്കുന്നു.
MAUK യുടെ കൊറോണ കാല സേവനത്തിന്റെ അപ്ഡേറ്റുമായി ഡയറക്ടർ ബോർഡ് അംഗം ഷൈനി എത്തുന്നു.
UK യിലെ കൊറോണ അപ്ഡേറ്റുമായി കനേഷ്യസ് അത്തിപ്പൊഴിയിൽ.
കൊല്ലത്തു നിന്നും വയലാറിന്റെ 'മാ നിഷാദ' ആലപിക്കുന്നത് അപർണ്ണ S ചന്ദ്. അപർണ്ണയുടെ അച്ഛൻ ദിലീപ് ചന്ദ് എന്റെ സഹപാഠിയും സുഹൃത്തുമാണ്.
ആതുര സേവന രംഗത്തു പുതിയൊരു മാതൃകയുമായി പ്രകാശ ഗോപുരം പോലെ പത്തനാപുരം 'ഗാന്ധിഭവൻ' നമുക്കു മുന്നിലുണ്ട്. ഗാന്ധിഭവന്റെ കഥയുമായി സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എത്തുന്നു.
നർമ്മം ചാലിച്ച കവിതകളും, ആക്ഷേപഹാസ്യത്തിന്റെ മുന പിടിപ്പിച്ച കവിതകളും കൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കവിയാണ് ചെമ്മനം ചാക്കോ. അദ്ദേഹത്തിന്റെ 'മെഴുകുതിരി' എന്ന വ്യത്യസ്ത കവിതയുമായി പുനലൂരിൽ നിന്നും ശരത്ചന്ദ്രൻ.
അതിനു ശേഷം 'ആദാമിന്റെ ബലി'യുമായി ജോബി ജോസഫ് എത്തുന്നു. എന്താണ് ആദാമിന്റെ ബലി എന്നറിയാൻ നിങ്ങളെപ്പോലെ എനിക്കും കൗതുകമുണ്ട്. കാത്തിരുന്നു കാണാം.
ജീവിതത്തേക്കാൾ വലിയ ഒരു കഥയുണ്ടോ? ട്വിസ്റ്റുകളും, അനിശ്ചിതത്വങ്ങളും, സംഘർഷങ്ങളും ഒക്കെയുള്ള ഒരു വമ്പൻ കഥയാണ് കീവിതം. ജീവിതത്തിൽ നിന്നും ഒരേടുമായി മാത്യു ഡൊമിനിക് എത്തുന്നു.
വ്യത്യസ്തം എന്നും, പുരോഗമന പരം എന്നും സ്വയം വാഴ്ത്തുന്ന മലയാളിയുടെ പൊങ്ങച്ചത്തിനു 2010 ൽ മുറിവേറ്റു. പ്രൊ. T J ജോസഫിന്റെ "അറ്റു പോകാത്ത ഓർമ്മകൾ" എന്ന ആത്മകഥ മണമ്പൂർ സുരേഷ് പരിചയപ്പെടുത്തുന്നു.
'നിഴൽ വഴികൾ' എന്ന കഥയുമായി ജിൻസൺ ഇരട്ടി സ്കോട് ലാൻഡിൽ നിന്നും എത്തുന്നു.
നർമ്മത്തിന്റെ ആകെത്തുകയാണ് തൃശൂർ ഗെഡികൾ. ഇതാ നമ്മുടെ സ്വന്തം ഗെഡി മുരളീ മുകുന്ദൻ ഒരു കഥ പറയുന്നു. വെറും കഥ്യയല്ല. സ്വന്തം അനുഭവങ്ങളാണെന്നു കൂട്ടിക്കോളൂ.
ക്രോയിഡോണിൽ നിന്നും പ്രദീപ് കുമാർ അവലോകനവും നന്ദിപ്രകാശനവും നടത്തുന്നു.
ഓരോ അവതരണത്തിന്റെയും ഉള്ളടക്കം അതവതരിപ്പിക്കുന്ന വ്യക്തിയുടേതാണ്. കട്ടൻ കാപ്പിയുടേതല്ല. അവതരണങ്ങൾ 10 മിനുട്ടിൽ കവിയരുതെന്നു ഓർമ്മിപ്പിക്കുന്നു.
എല്ലാ ശനിയാഴ്ചകളിലും UK സമയം ഉച്ച തിരിഞ്ഞു നാലു മണിമുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ മീറ്റുകൾ ഒരുക്കുന്നു. സർഗാത്മകമായ എന്തും ലൈവ് ആയി നിങ്ങൾക്ക് അവതരിപ്പിക്കാം. താല്പര്യമുള്ളവർ ബന്ധപ്പെടുക. Call / What'sApp Priyavrathan: 0044 7812 059822 | Call / What'sApp Muralee Mukundan: 0044 7930 13434.
Live Presentations from 4pm on Saturdays.
Intro -Priyavrathan
Kavitha - (Ente gurunaadhan, Vallathol) -Rajesh Raman
MAUK support update -Shiny
Corona update -Canatious Athipozhiyil
Kavitha - (maa nishada, Vayalar) -Aparna S Chand
Story of Gandhi Bhavan -Punalur Somarajan
kavitha (mezhukuthiri - chemmanam) -Sarathchandran
Veekshanam - adaaminte bali -Joby Joseph
Kadha / Anubhavam -Mathew Dominic
Book Review (attu pokatha ormmakal - Prof.T J Joseph) -Manambur Suresh
Kadha - nizhal vazhikal -Jinson Iritti
Chiri marunnu -Muralee Mukundan
Conclusion -V Pradeep Kumar

