പെരുമാൾ മുരുഗൻ, ചങ്ങലയിൽ ക്ബന്ധിക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ ഇരയാണ്. ഒടുവിൽ തന്നിലെ എഴുത്തുകാരന്റെ അകാല മരണം പ്രഖ്യാപിച്ചുകൊണ്ട് മൗനത്തിലേക്കു തിരിച്ചു പോയി മുരുഗൻ. ജോർജ് ഓർവെൽ എഴുതിയ 'ആനിമൽ ഫാം', സൽമാൻ റുഷ്ദി യുടെ 'സാത്താനിക് വെർസെസ്', ഇന്നും വെളിച്ചം കാണാത്ത മലയാള ചലച്ചിത്രമായ 'പിതാവിനും പുത്രനും' ഒടുവിൽ BBC യുടെ 'ഇന്ത്യാസ് ഡോട്ടർ'; ഭൂഖണ്ഡങ്ങളിലൂടെ കടന്നു പോകുന്ന അസഹിഷ്ണുതയുടെ ഈ ചങ്ങല വളരെ നീണ്ടതാണ്. ഭൂത-വർത്തമാന കാലങ്ങളെ ഇരുട്ടുകൊണ്ട് മൂടാൻ ഇറങ്ങി പുറപ്പെടുന്നവർ, വിമർശിക്കപ്പെടുമ്പോൾ വിറളി പിടിക്കുന്നവർ, മത-രാഷ്ട്രീയ-പ്രത്യയശാസ്ത്രങ്ങളുടെ ലഹരിക്കടിമപ്പെട്ടവർ വിസ്മരിക്കുന്ന ഒരു ചരിത്ര സംഭവമുണ്ട്. AD 1600 ൽ തത്ത്വ ചിന്തകനും ഗണിത ശാസ്ത്രജ്ഞനുമായിരുന്ന ബ്രുണോയെ ജീവനോടെ കത്തിച്ചിട്ടും ഭൂമി നീണ്ടു പരന്നിരിക്കുകയോ, സൂര്യൻ ഭൂമിയെ ചുറ്റി കറങ്ങുകയോ, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമായി തീരുകയോ ചെയ്തില്ല. വിമർശിക്കുമ്പോൾ തകർന്നടിയുന്നതാണ് വിശ്വാസങ്ങൾ എങ്കിൽ ആ വിശ്വാസങ്ങൾ കാലഹരണപ്പെട്ടതാണ്. കാലത്തിന്റെ പ്രവാഹത്തിൽ അതിനു പിടിച്ചു നിൽക്കാൻ കഴിയില്ല. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമാല്ലെങ്കിൽ - മാറ്റു മതുകളീ നിങ്ങളെത്താൻ" എന്നു കവി പാടിയത് ചരിത്രത്തിൽ നാം എത്രയോ തവണ കണ്ടു കഴിഞ്ഞു. സാഹിത്യത്തെയും ഇതര സർഗാത്മക പ്രവർത്തനങ്ങളെയും, വ്യക്തി വൈരഗ്യത്തിൽ തുടങ്ങി മത-വർഗീയ-രാഷ്ട്രീയ അസഹിഷ്ണുത വരെ പ്രകടിപ്പിക്കുവാനുള്ള മാർഗമായി തെരഞ്ഞെടുക്കുന്നവർ, വെളിച്ചത്തെ ഭയക്കുന്നവരെക്കാൾ വ്യത്യസ്തരാണോ? മലീമസമായ ആവിഷ്കാരവും സങ്കുചിതമായ കാഴ്ചപ്പാടുകളും വച്ചു നീട്ടുന്നത് കലുഷിതമായ സാമൂഹിക ജീവിതമാണെങ്കിൽ, ഇതാണോ നാമാഗ്രഹിക്കുന്ന ആധുനിക ജീവിതം? ഭൗതികമായി ദ്രുത ഗതിയിൽ വളരുമ്പോളും ആന്തരികമായി ചെറുതായി വരുന്ന ആധുനിക മനുഷ്യനെപ്പറ്റി ഒരു തുറന്ന അന്വേഷണം. 'വെളിച്ചത്തിനു ചങ്ങല പണിയുമ്പോൾ' ചർച്ചാ വേദിയിലേക്ക് ഏവർക്കും സ്വാഗതം. Date: Saturday 14 March 2015; Time: 6pmVenue: Kerala House, 671 Romford Road, Manor Park, London E12 5AD, United Kingdom.






