
സുഷുപ്തിയിലാണ്ട ശിശിര സന്ധ്യകൾക്കു വിട. 2020 ൽ കഥയും കവിതയും വീണ്ടും പൂത്തുലയുന്നു. ഇത്തവണ സ്ഥലകാല പരിമിതകളെ സാങ്കേതികതയുടെ കൂട്ടുപിടിച്ചു നാം മറികടക്കുകയാണ്. ആദ്യത്തെ സൈബർ സമാഗമം ഫേസ്ബുക്കിന്റെ തട്ടകത്തിൽ ലൈവ് ആയി സംഘടിപ്പിക്കുന്നു. സുഹൃത്തുക്കളെ, ജനുവരി 25 ശനിയാഴ്ച രാത്രി 7 മണിക്ക് https://www.facebook.com/groups/coffeeandpoetry/ ൽ ലോഗിൻ ചെയ്യുക. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സമാഗമത്തിൽ കഥയും കവിതയും സജീവമാകുന്നു. വി പ്രദീപ്, ടി ഡി രാമകൃഷ്‌ണന്റെ 'മാമ ആഫ്രിക്ക' നൽകുന്ന സന്ദേശം അവതരിപ്പിക്കുന്നു. കെ ശ്രീകുമാർ "കഥാപാചകവേള" അവതരിപ്പിക്കുന്നു.
Introduction
കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന തൊണ്ണൂറ്റി ഒന്നാമത്തെ പരിപാടിയിലേക്കു സ്വാഗതം. ചെറിയ ഒരാമുഖത്തോടെ ആരംഭിക്കാം. രണ്ടായിരത്തി പത്തിലാണ് കട്ടൻ കാപ്പിയും കവിതയും തുടക്കം കുറിച്ചത്. മലയാളത്തിന്റെ പ്രിയ കവി ONV കുറുപ്പിനു ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിൽ സന്തോഷിക്കാൻ ഞങ്ങൾ കുറച്ചുപേർ kerala house ൽ ഒത്തുകൂടി. അതായിരുന്നു തുടക്കം. പത്തുവർഷം, തൊണ്ണൂറു വേദികളിലായി ചർച്ചകളും, പാരായണങ്ങളും, ആലാപനങ്ങളും, വർക്ഷോപ്പുകളും, ആയി കടന്നുപോയി. പലതും ചെറിയ സദസ്സുകളായിരുന്നു. ധാരാളം രചനകൾ ചർച്ച ചെയ്യപ്പെട്ടു.
ഇത്രയും നാൾ ചുവരുകളുടെ പരിമിതിയ്ക്കുള്ളിലായിരുന്നു നമ്മൾ ഒത്തു കൂടിയിരുന്നത്. ഇന്നിതാ കട്ടൻകാപ്പിയും കവിതയും സൈബർ സംഗമത്തിലേക്കു കാൽ വയ്ക്കുകയാണ്. ഇതു ഒരു പരീക്ഷണമാണ്. അതിലുപരി ഒരു സാധ്യതയാണ്. അടുത്തിരുന്നു മുഖാമുഖം വർത്തമാനം പറയുന്നതിന്റെ ഊഷ്മളത ഇവിടെ ഉണ്ടാകില്ല. എങ്കിലും കാല ദേശങ്ങളുടെ പരിമിതികളെ ഏറെക്കുറെ സാങ്കേതികതയുടെ കൂട്ടുപിടിച്ചു നാം മറികടക്കുകയാണ്. സാങ്കേതികത അനുദിനം വികസിക്കുകയാണ്. ഇന്നുള്ളതിനേക്കാൾ മികച്ച സംവിധാനം നാളെയുണ്ടാകും. അതുറപ്പാണ്.
വിഷയങ്ങളുടെ വൈവിധ്യം, പുതുമയുള്ള പ്രോജക്ടുകൾ, തുറന്ന സമീപനം എന്നിവകൊണ്ട് ഈ കൂട്ടായ്മ എന്നും വ്യത്യസ്തത പുലർത്തിയിരുന്നു. പലപ്പോഴും സാമൂഹിക വിഷയങ്ങൾ തുറന്ന സദസ്സിൽ ചർച്ച ചെയ്തിരുന്നു എങ്കിലും തുടക്കം മുതലേ സാഹിത്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. 2014 മാർച്ചിൽ വി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഛായ എന്ന പേരിൽ ഒരു കൈയെഴുത്തു പ്രസിദ്ധീകരണം പുറത്തു വന്നു. ഇതുവരെ 7 പ്രതികൾ പുറത്തുവന്ന ഛായ യ്ക്കു പ്രേരകമായത് കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മയിലെ സർഗ്ഗ സംവാദങ്ങളായിരുന്നു. 2017 നവംബർ 19 ന് യുകെയിലെ മലയാളം എഴുത്തുകാരുടെ പ്രഥമ സംഗമം ലണ്ടനിൽ സംഘടിപ്പിച്ചു. 2019 മാർച്ചിൽ രണ്ടാമത്തെ സംഗമവും അരങ്ങേറി.
തൊണ്ണൂറു പരിപാടികൾ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ചത് പല സംഘടനകളുടെയും, സമാന മനസ്കരുടെയും സഹകരണത്തോടെ ആയിരുന്നു. KALA, കൗമുദി യൂറോപ്പ്, SNGM, Sangeetha of the UK, SWARAH of Kent, സ്റ്റീവനേജ് കൂട്ടായ്മ, River Indus, Essense UK, Essense Global UK, United Rationalists of UK, UK Malayalee.com, UK writers network, Kala Chethana എന്നീ സംഘടനകൾ പ്രത്യക്ഷമായും പരോക്ഷമായും പലപ്പോഴായി കൂടെ നിന്നിട്ടുണ്ട് എന്ന് ഈ ഘട്ടത്തിൽ സ്നേഹത്തോടെ ഓർക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ദി UKയുടെ നിരുപാധികമായ പിന്തുണയോടു കൂടിയാണ് ഇവിടെവരെ എത്താൻ കഴിഞ്ഞത്. ഇത:പര്യന്തം ഉണ്ടായിരുന്ന സംഘടനാ ഭാരവാഹികളെ നന്ദി അറിയിക്കുന്നു. ഇതോടൊപ്പം യുകെ യിലുള്ള ധാരാളം വ്യക്തികൾ പങ്കെടുക്കുകയും, പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിസ്താരഭയം കാരണം അവരെ ലിസ്റ്റു ചെയ്യുന്ന ശ്രമം ഇവിടെ ഉപേക്ഷിക്കുന്നു.
Sreekumaran Thampi, Sarah Joseph, K Satchidanandan, journalist Sujathan, Jayan Cheriyan, Dr N Gopalakrishnan, Prof. Thomas Sebastian, Prof G Balachandran, Kannur Sherif, Ashokan Charuvil, Dr.P Balashankor Mannath, Dr.Ravi Ramam, Kavalam Narayana Panicker, Anitha Thampi, Poly Varghese, Prabha Varma, KELI Ramachandran, Dr.Kavitha Balakrishnan, Dr.Murali Thummarukudi, Prof.C Ravichandran, Dr. Punalur Somarajan, Prof Madhusoodanan Nair, Dr. Hafiz Mohamad, Suresh Ravindran, Vijayakumar & Barbara Vijayakumar, K P Ramanunni, Vayalar Sharathchandra Varma, Sunil P Ilayidom, Dr.C Viswanathan, Sajeevan Anthicadu, Dr.Agustus Morris എന്നിവർ നമ്മോടു സംവദിച്ചതിൽ അവരോടും, അവരെ നമുക്കു മുന്നിൽ എത്തിക്കാൻ മുൻകൈ എടുത്ത വ്യക്തികളോടും, സംഘടനകളോടും അകൈതവമായ നന്ദി അറിയിക്കുന്നു.
ഭൂമിയുടെ ഉത്തരാർദ്ധം ഇപ്പോഴും സുഖമായ ശിശിര സുഷുപ്തിയിലാണ്. എങ്കിലും നാം ഉണർന്നിരിക്കേണ്ടിയിരിക്കുന്നു. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ സൈബർ സമാഗമത്തിൽ കഥയും കവിതയും വീണ്ടും സജീവമാകുകയാണ്. മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം നമ്മുടെ സുഹൃത്തുക്കൾ പരിപാരികൾ അവതരിപ്പിക്കുന്നു. അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും അത് അവതരിപ്പിക്കുന്ന ആളിന്റെതു മാത്രമാണ്. കട്ടൻകാപ്പിയും കവിതയും എന്ന പ്ലാറ്റഫോമിന്റെ തായിരിക്കില്ല എന്നു പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വ്യക്തികൾക്കു രാഷ്ട്രീയവും, മതവും, പക്ഷങ്ങളും ഒക്കെ ഉണ്ടായിരിക്കാം. പക്ഷെ ഈ തട്ടകത്തിനു അതുണ്ടായിരിക്കരുത് എന്നു നിർബന്ധമുണ്ട്. അന്യന്റെ ഭാഷണം സംഗീതം പോലെ ആസ്വദിക്കുന്ന കാലത്തിൽ എത്തിച്ചേരാൻ, മനുഷ്യൻ എത്രയോ പരിണമിക്കേണ്ടിയിരിക്കുന്നു. മുൻകൂട്ടി സമ്മതിച്ച സമയ പരിധിയിൽ നിങ്ങളുടെ അവതരണം അവസാനിപ്പിക്കേണ്ടതാണ് എന്ന് അവതാരകരെ ഓർമ്മിപ്പിക്കുന്നു. അവതരണ മദ്ധ്യേ വരുന്ന കമന്റുകൾക്കു മറുപടി പറയാനുള്ള സ്വാതന്ത്ര്യം ഈ സമയ പരിധിയിൽ ഉപയോഗിക്കുക.
ഇന്നത്തെ പരിപാടിയിൽ രണ്ടു സുഹൃത്തുക്കൾ നമ്മോടു സംസാരിക്കുന്നു. വി പ്രദീപ് കുമാർ അവതരിപ്പിക്കുന്ന വിഷയം "ടി ഡി രാമകൃഷ്‌ണന്റെ 'മാമ ആഫ്രിക്ക' നൽകുന്ന സന്ദേശം". ആധുനിക മലയാള നോവൽ സാഹിത്യത്തിലെ ശ്രദ്ധേയമായ രചന പ്രദീപ് പരിചയപ്പെടുത്തുന്നു.
അതിനുശേഷം കെ ശ്രീകുമാറിന്റെ "കഥാപാചകവേള". ഡിജിറ്റൽ ലോകം തുറന്നിട്ടത് ഒരു വലിയ സാധ്യതയാണ്. ആ സാധ്യതയിൽ മലായാള കഥാ സാഹിത്യം എന്തു ചെയ്യുന്നു എന്നും, എഴുത്തിലെ പുതിയ പ്രവണതകൾ എന്തൊക്കെയാണെന്നും ശ്രീകുമാർ പരിശോധിക്കുന്നു.
അതിനുശേഷം കട്ടൻകാപ്പിയും കവിതയും സൈബർ സംഗമങ്ങൾ ഭാവിയിൽ എങ്ങനെ നടത്താൻ ഉദ്ദേശിക്കുന്നു എന്നും, മറ്റു പരിപാടികൾ എന്തൊക്കെയാണെന്നും മുരളീ മുകന്ദൻ വിശദീകരിക്കുന്നു.
താല്പര്യമുള്ളവർക്ക് https://www.facebook.com/groups/coffeeandpoetry/ എന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് http://coffeeandpoetry.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ഒരു പ്രത്യക അറിയിപ്പുണ്ട്. ഇപ്പോൾ നടക്കുന്ന ആമുഖത്തിനുശേഷം. മൂന്നുപേർ തത്സമയ സംഭാഷണം നടത്തുന്നത് മൂന്നിടങ്ങളിൽ നിന്നാണ്. അതിനാൽ ഓരോ പ്രസന്റേഷൻ കഴിഞ്ഞും ചെറിയ ഒരിടവേള ഉണ്ടായിരിക്കും. ആമുഖം ഇവിടെ അവസാനിക്കുന്നു. വി പ്രദീപ് കുമാറിനെ ക്ഷണിക്കുന്നു.
Conclusion
കട്ടൻകാപ്പിയും കവിതയും സംഘടിപ്പിച്ച സൈബർ സംഗമത്തിൽ പരിപാടികൾ അവതരിപ്പിച്ച വി പ്രദീപ് കുമാറിനും, കെ ശ്രീകുമാറിനും നന്ദി. പരിപാടി ശ്രദ്ധിക്കുകയും, പ്രതികരിക്കുകയും ചെയ്തവരോടും നന്ദി അറിയിക്കുന്നു. ഈ പരിപാടി ഗുണനിലവാരം ഉണ്ടെന്നു തോന്നുന്നുവെങ്കിൽ മാത്രമേ നിങ്ങൾ ഷെയർ ചെയ്യാൻ ശ്രമിക്കാവു എന്നൊരപേക്ഷയുണ്ട്. എല്ലാവരുടെയും സമയത്തിന് വിലയുണ്ട്. ഇതു ശ്രദ്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങളും, വിലയിരുത്തലുകളും അറിയാൻ താല്പര്യമുണ്ട്.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച 4 മണി മുതൽ കട്ടൻ കാപ്പിയും കവിതയും സൈബർ സംഗമം നടത്തുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് coffeeandpoetry എന്ന ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് coffeeandpoetry.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഈ പ്ലാറ്റ്ഫോമിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ നേരിട്ടു ബന്ധപ്പെടുക. കഥകൾ, കവിതകൾ, നിരൂപണങ്ങൾ, വീക്ഷണങ്ങൾ, പുസ്തക പരിചയം, യാത്രാനുഭവങ്ങൾ തുടങ്ങി എന്തും നിങ്ങൾക്കു പരിചയപ്പെടുത്താം. ചെറുതായിരിക്കണം. ഉള്ളടക്കത്തിലും, അവതരണത്തിലും ഉന്നത നിലവാരം ഉണ്ടായിരിക്കണം.
ഭാവി സൈബർ സംഗമങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ, ഇതേ സംവിധാനങ്ങളിലൂടെ ബന്ധപ്പെടുക. നന്ദി, നമസ്കാരം.

