
എന്റെ ചക്കരെ, നിനക്കു തുടർച്ചയായി 60 നിമിഷങ്ങൾ മലയാളത്തിൽ മാത്രം സംസാരിക്കാൻ കഴിയുമോ? നല്ല തന്റേടമുണ്ടെങ്കിൽ മാത്രം വരിക. ഇല്ലെങ്കിൽ വീട്ടിലിരിക്കുക. (ഇത്തിരി ധൈര്യം കഴിക്കാൻ പബ്ബിലും പോകാം). ആംഗലേയം സംഭാഷണത്തിൽ ഉപയോഗിക്കാൻ പാടില്ല എന്നൊരു ചെറിയ നിബന്ധന അസൗകര്യം ആകില്ലല്ലോ? പിന്നെ നമ്മുടെ പതിവു പരിപാടികളായ കവിതകൾ, കഥകൾ, നിരീക്ഷണങ്ങൾ, ചർച്ചകൾ, കട്ടൻ കാപ്പി, പരിപ്പുവട ഒക്കെ ഉണ്ടായിരിക്കും. SNGM Hall, 16 Barking Rd, East Ham, London E6 3BP - Sunday 30th September 2018 - from 6PM
ക്ഷിപ്രഭാഷണം എന്താണ്?
'ചക്കരക്കുടത്തിൽ കൈ ഇട്ടാൽ' , 'പറക്കും തളിക', 'ആടു കിടന്നിടത്ത്' മുതൽ അപ്പോൾ ലഭിക്കുന്ന വിഷയത്തെ ആസ്പദമാക്കി പങ്കെടുക്കുന്നവർക്കെല്ലാം 60 നിമിഷങ്ങൾ വരെ തുടർച്ചയായി മലയാളത്തിൽ മാത്രം സംസാരിക്കാം. ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാതെ, വാക്കുകളുടെ ആവർത്തനം ഒഴിവാക്കി, തടസ്സങ്ങൾ ഇല്ലാതെ നർമ്മത്തിൻറെ മേമ്പൊടി ചേർത്ത സംഭാഷണത്തിൽ ഭാവനയുടെ ഏതറ്റം വരെയും നിങ്ങൾക്കു പോകാം.
'ചക്കരക്കുടത്തിൽ കൈ ഇട്ടാൽ' എന്ന വിഷയത്തെപ്പറ്റി സ്ഥലത്തെ പ്രധാന ദിവ്യനായ ആനവാരി രാമൻനായർ പറഞ്ഞതിപ്രകാരമാണ്.
"അമ്മ അടുക്കളയിൽ ഇല്ലാത്ത വൈകുന്നേരങ്ങളിൽ പാത്രവും, കുപ്പിയും, പാട്ടയും പരിശോധിക്കുന്ന പതിവു പരിപാടിക്കു ചെന്നതായിരുന്നു. ചക്കരക്കുടത്തിൽ എത്തി വലിഞ്ഞു കൈ ഇട്ടപ്പോൾ തടഞ്ഞത് വീട്ടിലെ ആനയെ ആയിരുന്നു. ചേട്ടൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്, ആവശ്യമില്ലാത്ത സമയത്തു തുമ്പിക്കൈയിൽ പിടിക്കരുതെന്നു. കൃത്യാമായി കരിവീരൻ എന്റെ വിരലിന്റെ തുമ്പിൽ ആഞ്ഞു കുത്തി. ഭാഗ്യദോഷം എന്നു പറയട്ടെ, കൊമ്പൊടിഞ്ഞു പോയി. അന്നു മുതൽ അതു മോഴയായി മാറി."
ഈ വരുന്ന ഞായറാഴ്ച, വൈകിട്ട് ആറു മണിക്ക് ഈസ്റ്റ്ഹാം ഗുരു മിഷനിൽ കട്ടൻ കാപ്പിയും കവിതയും ഒരുക്കുന്ന ചെമ്മനം ചിരിഅരങ്ങിൽ എല്ലാവരും എത്തിച്ചേരുക. (കട്ടൻ കാപ്പിയും പരിപ്പുവടയും ഉണ്ടായിരിക്കുന്നതാണ്.)


